കോട്ടയം: കുപ്രസിദ്ധ ഗുണ്ട അമ്മഞ്ചേരി സിബി ഉൾപ്പെടെ മൂന്നു പേരെ കാപ്പ ചുമത്തി നാടുകടത്തി. ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ നിർദ്ദേശാനുസരണമാണ് നടപടി.
ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന നിരവധി കേസുകളിൽ പ്രതികളുമായ മുടിയൂർക്കരയ്ക്കു സമീപം താമസിക്കുന്ന കുന്നുകാലായിൽ പ്രദീപ് (പാണ്ടൻ പ്രദീപ്), അതിരമ്പുഴ മാന്നാനം അമലഗിരി ഗ്രേസ് കോട്ടേജിൽ സിബി ജി.ജോൺ (അമ്മഞ്ചേരി സിബി), ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് പാലത്തൂർ ടോമി ജോസഫ് എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡി.ഐ.ജിയാണ് ഇവരെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്ന് നാടുകടത്തി ഉത്തരവായത്
ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ള പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതകശ്രമം, ആയുധങ്ങളുമായി സംഘം ചേർന്നുള്ള ആക്രമണങ്ങൾ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർക്കെതിരെ മുൻപും കാപ്പാ നടപടികൾ സ്വീകരിച്ചിരുന്നു. ടോമി ജോസഫ് ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സംഘാംഗമാണ്. മണർകാട് ക്രൗൺ ക്ലബ്ബിൽ 2020 ജൂലായിൽ നടന്ന 18 ലക്ഷത്തിൽപ്പരം രൂപയുടെ ചീട്ടുകളി കേസിലെ പ്രതിയാണ് അമ്മഞ്ചേരി സിബി.