കോട്ടയം: ഗ്യാസ് അടുപ്പിൽ നിന്നും തീപിടിച്ച് വൃദ്ധ മരിച്ച സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന ബന്ധുവിനെ തൊടുപുഴ മുട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ തോട്ടുങ്കര ഊളാനിയിൽ (കപ്പയിൽ ) സരോജിനിയാണ് ( 75) പൊള്ളലേറ്റ് മരിച്ചത്. സരോജിനിയുടെ ബന്ധു അടിമാലി വരകിൽ സുനിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സുനിലിനും പൊള്ളലേറ്റിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, സൈന്റഫിക് വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
വെളുപ്പിന് മൂന്നു മണിക്ക് തീപടർന്നതിൽ ദുരൂഹത ആരോപിക്കപ്പെട്ടതോടെയാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്ന സുനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സരോജിനിയും സുനിലും മാത്രമേ ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നുള്ളു.
കട്ടിലുൾപ്പടെയുള്ള വീട്ട് സാധനങ്ങൾ കത്തി നശിച്ചു. മൂലമറ്റത്ത് നിന്ന് അഗ്നി ശമന സംഘം എത്തിയാണ് തീ അണച്ചത്.
തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരന്ന സരോജിനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. കൊവിഡ് ടെസ്റ്റിന്റെ റിസൾട്ട് കിട്ടിയതിനുശേഷം ഇന്ന് പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കും. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ നടത്തും.