ചാലക്കുടി: എഴുപത്തിരണ്ടിൽപരം ക്രിമിനൽ കേസുകളിൽ പ്രതിയായ വിരുതനെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ കല്ലൂർ പച്ചളിപ്പുറം സ്വദേശി കരോട്ട് വീട്ടിൽ രഞ്ജിത്താണ് (40) അറസ്റ്റിലായത്. മുക്കു പണ്ടങ്ങൾ പണയപ്പെടുത്തി പണം വാങ്ങിയ കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കേരള തമിഴ്നാട് അതിർത്തിയിലെ ആഢംബര റിസോട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്.
ഒൻപതുവർഷങ്ങൾക്കു മുൻപ് ചാലക്കുടിയിലെ ഒരു പണയമിടപാട് സ്ഥാപനത്തിൽ വൃദ്ധ ദമ്പതികൾ വളകൾ പണയം വച്ച് ഒരു ലക്ഷത്തോളം രൂപ വാങ്ങിപ്പോയിരുന്നു. ഒരു വർഷത്തിനു ശേഷമാണ് ഇവ മുക്കു പണ്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. സ്ഥാപന ഉടമയുടെ പരാതിയിൽ നടന്ന അന്വേഷണത്തിൽ രഞ്ജിത്താണ് ഇതിന്റെ സൂത്രധാരനെന്ന് തെളിഞ്ഞു. സ്വർണ്ണപ്പണിക്കാരനായ ഇയാൾ വിവിധ ജില്ലകളിൽ ഇത്തരം നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. വീടുകയറി ആക്രമിച്ച് കൊള്ള, രേഖകളില്ലാത്ത പണവുമായി വന്ന കാർ ആക്രമിച്ച് പണം കവരൽ, ചന്ദനമരങ്ങൾ മുറിച്ചു കടത്തൽ തുടങ്ങി കേസുകളിലും പ്രതിയാണ്.
എസ്.എച്ച്.ഒ സൈജു കെ. പോൾ, ക്രൈം സ്ക്വാഡ് എസ്.ഐ ജിനു മോൻച്ചേത്ത്, സ്ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ എ.എസ്.ഐ ഡെന്നിസ്, സീനിയർ സി.പി.ഒ നിഖിലൻ, സി.പി.ഒമാരായ സുനീഷ്, ശ്യാം പി ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.