ചാലക്കുടി: പരിയാരം മുനിപ്പാറയിൽ സി.പി.എം പ്രവർത്തകൻ കളത്തിൽ ഡേവിസിനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടു പേരെ കൂടി പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തു. കുറ്റിക്കാട് നെല്ലിശേരി വീട്ടിൽ എബിൻ തോമസ്(27), മുനിപ്പാറ പുത്തൻ വീട്ടിൽ രാകേഷ്(34) എന്നിവരെയാണ് ഡിവൈ.എസ്.പി ജിജിമോന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇപ്പോൾ അറസ്റ്റിലായവർ കുറ്റകൃത്യവുമായി നേരിട്ടു ബന്ധമുള്ളവരാണ്. ഒന്നാം പ്രതി സിജിത്തിന്റെ ബന്ധുക്കളാണ് നേരത്തെ അറസ്റ്റിലായ മുറ്റു മൂന്നുപേർ. സിജിത്തിന്റെ ആവശ്യപ്രകാരമാണ് തോമസും രാകേഷും സ്ഥലത്തെത്തിയത്. മദ്യപാനവും ഭക്ഷണവും കഴിഞ്ഞ് ഇവർ സിജിത്തിന്റെ വീട്ടിൽ കിടന്നുറങ്ങുകയും ചെയ്തു. പിറ്റേദിവസമാണ് നേരത്തെയുള്ള ആസൂത്രണ പ്രകാരം ഡേവിസിനെ സംഘം ചേർന്ന് ആക്രമിച്ചത്.