ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ ജനവിധി എല്ലായിപ്പോഴും നിർണായകമാണ്. സെക്രട്ടേറിയറ്റടക്കം സർക്കാർ ഓഫീസുകളിൽ ഏറിയപങ്കും സ്ഥിതി ചെയ്യുന്ന തലസ്ഥാനം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ സ്വാധീനിക്കുക സ്വാഭാവികം. സംസ്ഥാനത്ത് ബി.ജെ.പി കരുത്ത് കാട്ടുന്ന ജില്ലകളിൽ പ്രധാനമെന്നതും തിരുവനന്തപുരം കോർപ്പറേഷനിലെ രണ്ടാം ശക്തി ബി.ജെ.പിയാണെന്നതും ജില്ലയിലെ പോരാട്ടത്തെ വേറിട്ടതാക്കുന്നു. ബി.ജെ.പി സംസ്ഥാന നിയമസഭയിലേക്ക് അക്കൗണ്ട് തുറന്നത് നേമം മണ്ഡലത്തിൽ നിന്ന്. ഇക്കുറി നേമം അടക്കം പകുതിയിലേറെ മണ്ഡലങ്ങളിൽ ത്രികോണപ്പോരാണ്. നേമം കോൺഗ്രസിലെ കരുത്തനായ കെ. മുരളീധരന്റെ വരവോടെ ശ്രദ്ധാകേന്ദ്രമായി. സി.പി.എമ്മിലെ മുൻ എം.എൽ.എ വി. ശിവൻകുട്ടിയും ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമാണ് അതിശക്തന്മാരായ എതിരാളികൾ. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സി.പി.എമ്മിനും ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിച്ചിട്ടുള്ള ഡോ.എസ്.എസ്. ലാൽ കോൺഗ്രസിനുമായി ഇറങ്ങുമ്പോൾ വെല്ലുവിളിയുയർത്തി ബി.ജെ.പിയുടെ ശോഭാ സുരേന്ദ്രനുമുണ്ട്.
പതിന്നാല് മണ്ഡലങ്ങളാണ് ജില്ലയിൽ. 2016ൽ ഒമ്പതിടത്ത് വിജയം ഇടതിന്. നാലിടത്ത് യു.ഡി.എഫ് വെന്നിക്കൊടി പാറിച്ചപ്പോൾ നേമത്ത് ഒ.രാജഗോപാലിലൂടെ അക്കൗണ്ട് തുറന്ന് ബി.ജെ.പി സംസ്ഥാന രാഷ്ട്രീയത്തെ ഞെട്ടിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ വടകര മത്സരിക്കാനായി ഒഴിഞ്ഞപ്പോൾ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന വട്ടിയൂർക്കാവ് യു.ഡി.എഫിനെ കൈവിട്ടു. യു.ഡി.എഫ് കുത്തകയായിരുന്ന വർക്കല, കാട്ടാക്കട, കഴക്കൂട്ടം മണ്ഡലങ്ങൾ പിടിച്ചെടുത്താണ് കഴിഞ്ഞതവണ എൽ.ഡി.എഫ് യു.ഡി.എഫിനെ ഞെട്ടിച്ചത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ വച്ചു നോക്കുമ്പോൾ ചാഞ്ചാട്ടമില്ലാതെ നിൽക്കുന്നത് നാല് മണ്ഡലങ്ങൾ. ആറ്റിങ്ങൽ, ചിറയിൻകീഴ്, വാമനപുരം ഇടതിനൊപ്പവും അരുവിക്കര യു.ഡി.എഫിനൊപ്പവും. ഇരുപക്ഷത്തെയും മാറിമാറി തുണച്ചവയാണ് മറ്റുള്ളവ. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രണ്ട് തിരഞ്ഞെടുപ്പുകളിലെ കണക്കുകളും പറയുന്നത്, ഇതേ കാര്യം.
നേമം
പഴയ നേമത്ത് 2001ലും 2006ലും വിജയിച്ചത് കോൺഗ്രസാണ്. 1996 ലും 2011 ലും സി.പി.എം നേടി. 1982ൽ കെ. കരുണാകരനെ വിജയിപ്പിച്ച മണ്ഡലം. 2009ലെ പുനർവിഭജനശേഷം പഴയ തിരുവനന്തപുരം ഈസ്റ്റിന്റെ ഭാഗങ്ങൾ കൂടുതലായി ചേർക്കപ്പെട്ട നേമം നഗരപരിധിയിലെ മണ്ഡലങ്ങളിലൊന്നായി. ഇപ്പോൾ ജില്ലയിൽ എൻ.ഡി.എയ്ക്ക് ശക്തമായ അടിത്തറയുള്ള മണ്ഡലങ്ങളിലൊന്ന്. 2016ൽ വട്ടിയൂർക്കാവിൽ കെ. മുരളീധരനോട് അടിയറവ് പറഞ്ഞതാണ് കുമ്മനം. അതേ മുരളീധരനാണിപ്പോൾ നേമത്ത് കുമ്മനത്തെ എതിരിടുന്നത്. സി.പി.എം എതിരാളിയും ശക്തൻ. 2011ൽ നേമത്ത് ബി.ജെ.പിയെ തോല്പിച്ചതാണ് വി. ശിവൻകുട്ടി. മൂവരും ശക്തരായതിനാൽ ഫലം പ്രവചനാതീതം.
കഴക്കൂട്ടം
ശബരിമല യുവതീപ്രവേശന വിവാദം ഏറ്റവുമധികം കത്തിനിൽക്കുന്ന മണ്ഡലം. ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനാണ് ഇടത് സ്ഥാനാർത്ഥി. ശബരിമല പ്രക്ഷോഭകാലത്ത് ബി.ജെ.പി ക്യാമ്പുകളെ ആവേശംകൊള്ളിച്ച ശോഭാ സുരേന്ദ്രൻ എൻ.ഡി.എ സ്ഥാനാർത്ഥി. അന്താരാഷ്ട്ര തലത്തിൽ ആരോഗ്യമേഖലയിലെ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ ഡോ.എസ്.എസ്.ലാൽ യു.ഡി.എഫ് സ്ഥാനാർത്ഥി. ലക്ഷണമൊത്ത ത്രികോണപ്പോര്.
വട്ടിയൂർക്കാവ്
മണ്ഡലപുനർവിഭജന ശേഷം പഴയ തിരുവനന്തപുരം നോർത്ത് വിഭജിച്ച് നിലവിൽവന്ന വട്ടിയൂർക്കാവ് 2011ൽ പിടിച്ചെടുത്തത് കോൺഗ്രസിലെ കെ. മുരളീധരൻ. മുരളീധരന്റെ ജനകീയതയെ 2016ലും ജനം അംഗീകരിച്ചു. മുരളീധരൻ വടകര ലോക്‌സഭാമണ്ഡലത്തിൽ വിജയിച്ച് എം.പിയായതോടെ 2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മേയർ ബ്രോ ആയിരുന്ന വി.കെ. പ്രശാന്തിനെയിറക്കി സി.പി.എം മണ്ഡലം പിടിച്ചു. പ്രശാന്തിനെതിരെ കോൺഗ്രസ് യുവനേതാവ് വീണ എസ്. നായരെയും ബി.ജെ.പി അവരുടെ ജില്ലാ പ്രസിഡന്റായ വി.വി. രാജേഷിനെയും മത്സരിപ്പിക്കുന്നു. യുവത്വം ഏറ്റുമുട്ടുന്ന ശക്തമായ ത്രികോണപ്പോര്.
യു.ഡി.എഫിലെ വി.എസ്.ശിവകുമാർ അജയ്യനായി നിലകൊള്ളുന്ന മണ്ഡലമാണ് തിരുവനന്തപുരം. എൽ.ഡി.എഫിൽ നിന്ന് മുൻ എം.എൽ.എ ആന്റണിരാജുവും എൻ.ഡി.എയിൽ നിന്ന് നടൻ കൃഷ്ണകുമാറും രംഗത്തെത്തിയതിനാൽ ത്രികോണപ്പോര്.
എന്തുവന്നാലും തങ്ങൾ നിലനിറുത്തുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ ഉറച്ചു വിശ്വസിക്കുന്ന മണ്ഡലങ്ങളാണ് അരുവിക്കരയും കോവളവും. കോവളത്ത് നിരവധി തിരഞ്ഞെടുപ്പുകളിൽ വിജയിച്ച നീലലോഹിതദാസൻ നാടാരെയാണ് എൽ.ഡി.എഫ് ഇക്കുറി പരീക്ഷിക്കുന്നത്.
യു.ഡി.എഫിലെ സിറ്റിംഗ് എം.എൽ.എ എം. വിൻസന്റാണ് മുഖ്യ എതിരാളി.വിഷ്ണുപുരം ചന്ദ്രശേഖരനാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
അരുവിക്കരയിൽ യു.ഡി.എഫിലെ സിറ്റിംഗ് എം.എൽ.എ കെ.എസ്. ശബരിനാഥൻ വീണ്ടുമിറങ്ങുമ്പോൾ സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറിയായ ജി. സ്റ്റീഫനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. സി. ശിവൻകുട്ടിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
വർക്കലയിൽ ഇടത് സിറ്റിംഗ് എം.എൽ.എ വി.ജോയിയെ എതിരിടാൻ കോൺഗ്രസ് ഇറക്കിയത് പുതുമുഖം ബി.ആർ.എം. ഷഫീറിനെ. എൻ.ഡി.എ സ്ഥാനാർത്ഥി അജി.എസ്.ആർ.എമ്മും ശക്തമായ സാന്നിദ്ധ്യമായതോടെ തീപാറും പോരാട്ടമായി.
ഡെപ്യൂട്ടി സ്പീക്കർ സി.പി.ഐയിലെ വി.ശശി മത്സരിക്കുന്ന ചിറയിൻകീഴിൽ ബി.എസ്.അനൂപ് എന്ന പുതുമുഖത്തെയാണ് യു.ഡി.എഫ് പരീക്ഷിക്കുന്നത്. ജി.എസ്. ആശാനാഥാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് ജയിച്ച ആറ്റിങ്ങലിൽ പുതുമുഖം ഒ.എസ്. അംബികയാണ് ഇടത് സ്ഥാനാർത്ഥി. യു.ഡി.എഫിലെ എ.ശ്രീധരനും എൻ.ഡി.എയിലെ പി.സുധീറുമാണ് എതിരാളികൾ.
സി.പി.ഐ മുൻ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ (എൽ.ഡി.എഫ്), പി.എസ്. പ്രശാന്ത്(യു.ഡി.എഫ്), ജെ.ആർ.പത്മകുമാർ(എൻ.ഡി.എ) എന്നിവർ നെടുമങ്ങാട്ട് ത്രികോണപ്പോരിന് വഴിയൊരുക്കുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അൻസജിതാ റസലിനെ ഇറക്കി പാറശാല തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് ശ്രമം. സിറ്റിംഗ് എം.എൽ.എ സി.കെ. ഹരീന്ദ്രന്റെ ജനകീയ പരിവേഷത്തിലൂടെ മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫും. കരമന ജയൻ ബി.ജെ.പി എതിരാളിയാകുമ്പോൾ ത്രികോണപ്പോരാട്ടം ശക്തം.
കാട്ടാക്കട എൽ.ഡി.എഫിലെ സിറ്റിംഗ് എം.എൽ.എ ഐ.ബി.സതീഷ് വീണ്ടുമിറങ്ങുമ്പോൾ യു.ഡി.എഫിലെ മലയിൻകീഴ് വേണുഗോപാലും എൻ.ഡി.എയിലെ പി.കെ.കൃഷ്ണദാസുമാണ് എതിരാളികൾ.
ഇടത് സിറ്റിംഗ് എം.എൽ.എ കെ.ആൻസലനും മുൻ എം.എൽ.എ കോൺഗ്രസിലെ ആർ.സെൽവരാജും ഏറ്റുമുട്ടുന്ന നെയ്യാറ്റിൻകരയിൽ കനത്ത വെല്ലുവിളി ഉയർത്തി എൻ.ഡി.എയുടെ ചെങ്കൽ എസ്.രാജശേഖരൻ നായരുമുണ്ട്. വാമനപുരത്ത് എൽ.ഡി.എഫിലെ സിറ്റിംഗ് എം.എൽ.എ ഡി.കെ.മുരളിയും യു.ഡി.എഫിലെ ആനാട് ജയനും എൻ.ഡി.എയിലെ തഴവ സഹദേവനുമാണ് സ്ഥാനാർത്ഥികൾ.