dd

തിരുവനന്തപുരം: പകൽച്ചൂടിനെയും വെല്ലുന്ന തിരഞ്ഞെടുപ്പ് ചൂടാണ് നേമം മണ്ഡലത്തിൽ. ജീവന്മരണ പോരാട്ടമാണ് നടക്കുന്നത്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മണ്ഡലത്തിന്റെ ഓരോ മുക്കിലും മൂലയിലുമെത്താൻ പരക്കം പായുകയാണ് മുന്നണി സ്ഥാനാർത്ഥികൾ. കേരളത്തിൽ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്ന മണ്ഡലം കൈവിടാതിരിക്കാനുള്ള പ്രചാരണ തന്ത്രങ്ങളാണ് എൻ.ഡി.എ പുറത്തെടുക്കുന്നത്. 2016-ൽ 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഒ.രാജഗോപാൽ ഇവിടെ വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ രണ്ടാംസ്ഥാനം ഒന്നാക്കി ഉയർത്താൻ എല്ലുമുറിയെ പണിയെടുക്കുകയാണ് ഇടതുമുന്നണി നേതാക്കളും പ്രവർത്തകരും.ബി.ജെ.പിയുടെ അക്കൗണ്ട് ക്ളോസ് ചെയ്യിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് അവരുടെ ആവേശം.നേമം മത്സരത്തെ അഭിമാനപ്പോരാട്ടമായാണ് തുടക്കംമുതൽ കോൺഗ്രസും യു.ഡി.എഫും കാണുന്നത്. പാർട്ടിയുടെ ഗ്ളാമർ മുഖത്തെ കളത്തിലിറക്കിയതും ഈ വെല്ലുവിളിയുടെ ഭാഗമാണ്.ചുരുക്കത്തിൽ മൂന്ന് മുന്നണികൾക്കും ഇത് അഗ്നിപരീക്ഷയാണ്. എണ്ണയിട്ട യന്ത്രം പോലെയാണ് മൂന്ന് മുന്നണികളുടെയും പ്രവർത്തനം.

നേമത്തിന്റെ മണ്ണിലേക്ക് ഇറങ്ങിയാൽ തിളച്ചുമറിയൽ ബോദ്ധ്യപ്പെടും.പ്രചാരണത്തിന്റെ എഴുത്തില്ലാത്ത ഒരു ചുവരുകളും ബാക്കിയില്ല. എവിടേക്ക് നോക്കിയാലും സ്ഥാനാർത്ഥികളുടെ ബഹുവർണ പോസ്റ്ററുകൾ മത്സരബുദ്ധിയോടെ പതിച്ചിരിക്കുന്നത് കാണാം. പ്രധാന ജംഗ്ഷനുകളിൽ ഒന്നിനൊന്ന് മുകളിലായി പാറിക്കളിക്കുന്ന കൊടികൾ.വോട്ടഭ്യർത്ഥിച്ചുള്ള അനൗൺസ്‌മെന്റ് വാഹനങ്ങൾ തലങ്ങും വിലങ്ങും നിമിഷങ്ങളിടവിട്ട് സഞ്ചരിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം എങ്ങനെയാവുമെന്ന് പ്രവചിക്കാൻ രാഷ്ട്രീയ നിരീക്ഷകർക്ക് പോലും കെല്പില്ല.ബൂത്ത് ഓഫീസുകളെല്ലാം വളരെ സജീവമായി. വോട്ടർമാർക്ക് നൽകാനുള്ള സ്ലിപ്പെഴുത്തിന്റെ തിരക്ക്. വോട്ടർപട്ടിക തിരിച്ചും മറിച്ചും പരതി വോട്ടെണ്ണമുറപ്പിക്കലും ഒരു വഴിക്ക് നടക്കുന്നു. കിട്ടേണ്ട ഒറ്റ വോട്ടും നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത.

വിജയം ഉറപ്പെന്ന് വി.ശിവൻകുട്ടി

എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടി മണ്ഡലപര്യടനം പൂർത്തിയാക്കി.എല്ലാ മേഖലകളിലും ഓടിയെത്താൻ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സാധിച്ചത് വിജയമായി കാണുന്നു. കുടുംബ യോഗങ്ങളിലും ബൂത്തുതല യോഗങ്ങളിലും പരമാവധി പങ്കെടുക്കാനാണ് ശ്രമം. സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ നടപടികളുമാണ് പ്രധാന പ്രചാരണായുധം. പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി വോട്ടർമാരോട് ഇതെല്ലാം വിശദമാക്കുന്നു. 2011-ൽ ഇവിടെ എം.എൽ.എ ആയിരുന്നപ്പോൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഓർമ്മിക്കുന്നതിനൊപ്പം കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിലുണ്ടായ വികസന മുരടിപ്പും അക്കമിട്ട് നിരത്തുന്നുണ്ട്. ക്ഷേമത്തിനും വികസനത്തിനും വോട്ട് എന്നതാണ് പ്രധാന അഭ്യർത്ഥന. ഞായറാഴ്ച കലാശക്കൊട്ടിന് ഇറങ്ങും.

മണ്ഡലം അരിച്ച് പെറുക്കി കെ.മുരളീധരൻ

അല്പം വൈകിയാണെങ്കിലും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ഒന്നിലധികം തവണ മണ്ഡലത്തിന്റെ സർവ്വ ഭാഗങ്ങളിലും ഓടിയെത്തി.കുടുംബ യോഗങ്ങൾ, ബൂത്ത്തല യോഗങ്ങൾ, പുറമെ വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നേരിട്ട് എത്തിയുള്ള വോട്ടഭ്യർത്ഥനയ്ക്കാണ് ഇപ്പോൾ സമയം നീക്കിവച്ചിട്ടുള്ളത്.തിരഞ്ഞെടുപ്പ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഓരോ ദിവസവും പ്രവർത്തനങ്ങൾ വിലയിരുത്തി വേണ്ട തിരുത്തലുകൾ വരുത്തുന്നുണ്ട്. 2011-ലും 2016-ലും തൊട്ടടുത്ത മണ്ഡലമായ വട്ടിയൂർക്കാവിൽ നിന്ന് ജയിച്ചപ്പോൾ നടത്തിയ വികസന പ്രവർത്തനങ്ങളാണ് പ്രധാന പ്രചാരണ ഉപാധി. സംസ്ഥാന സർക്കാരിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളും കേന്ദ്ര സർക്കാരിന്റെ നയങ്ങളും അടക്കമുള്ള രാഷ്ട്രീയവും ചർച്ചയാക്കുന്നുണ്ട്. ഒപ്പം കഴിഞ്ഞ അഞ്ചു വർഷക്കാലം മണ്ഡലത്തിൽ കാര്യമായി ഒന്നും നടന്നില്ലെന്ന് സ്ഥാപിക്കാനും ശ്രദ്ധിക്കുന്നു.

മണ്ഡലം നിലനിറുത്തുമെന്ന് കുമ്മനംരാജശേഖരൻ

ഒ.രാജഗോപാലിലൂടെ അക്കൗണ്ട് തുറന്ന മണ്ഡലം നിലനിറുത്തുകയെന്നതാണ് എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനംരാജശേഖരന്റെ ദൗത്യം. മണ്ഡലപര്യടനം തുടരുകയാണ്.മൂന്നാം തീയതിയാവും പര്യടനം സമാപിക്കുക.എല്ലാ ഇടവഴികളിലൂടെയും സഞ്ചരിച്ച് പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് ശ്രമം. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ ഏറെ സജീവമാണ്.ശബരിമലയും വിശ്വാസ സംരക്ഷണവുമാണ് മുഖ്യപ്രചാരണ വിഷയം.അനൗൺസ്‌മെന്റ് വാഹനങ്ങളിൽ മുഴങ്ങിക്കേൾക്കുന്ന പ്രധാന വിഷയവും ഇതു തന്നെ. സംസ്ഥാന സർക്കാരിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ അക്കമിട്ട് നിരത്തുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയും വിശദമാക്കുന്നു. ഒപ്പം കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിശദീകരണവും വോട്ടർമാരിലേക്ക് എത്തിക്കുന്നുണ്ട്. സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ തെളിമയും പ്രചാരണത്തിന് ഉപയോഗിക്കുന്നു. എല്ലാ ഭാഗങ്ങളിലും സംസാരമദ്ധ്യേ ഇത് പരാമർശിക്കപ്പെടുന്നുണ്ട്.