തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെയാണ് നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെന്ന് കർണാടക മുൻമന്ത്രി ശോഭ കരന്തലജെ എം.പി.പറഞ്ഞു. രണ്ടു പേരും ജീവിക്കുന്നത് സമൂഹത്തിനു വേണ്ടിയാണ്. രണ്ടു പേർക്കും സ്വകാര്യ സമ്പാദ്യങ്ങളില്ലെന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേവലം സ്ഥാനാർഥിയായല്ല, പ്രേരണാദായകനായാണ് കുമ്മനത്തെ കാണുന്നത്. പാർട്ടിക്ക് അതീതമായി സാമൂഹ്യസേവനം ചെയ്യുന്ന അദ്ദേഹം രാജർഷിയാണ്. അദ്ദേഹത്തെ പോലുള്ളവരുടെ സാന്നിദ്ധ്യമാണ് കേരള നിയമസഭയിൽ ഉണ്ടാകേണ്ടത്.
മോദി സർക്കാരിന്റെ ആയുഷ്മാൻ കാർഡ് കേരളത്തിൽ എത്ര പേർക്ക് സംസ്ഥാന സർക്കാർ ലഭ്യമാക്കിയെന്ന് വ്യക്തമാക്കണം. കേരളത്തിൽ 130 ആശുപത്രികൾ മാത്രമാണ് ആയുഷ്മാൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ പദ്ധതി വേണ്ടവിധം നടപ്പാക്കാതെ പാവപ്പെട്ടവർക്ക് ചികിത്സ നിഷേധിക്കുകയാണ് . നഗര,ഗ്രാമ ശുചീകരണത്തിന് സ്വച്ഛഭാരത്, വീടില്ലാത്തവർക്ക് വീടിനായി പ്രധാനമന്ത്രി ആവാസ് യോജന, ദേശീയപാത ,ബൈപ്പാസുകൾ , റെയിൽവേ വികസനം തുടങ്ങി എല്ലാ മേഖലകളിലേക്കും കേന്ദ്രം പണം നൽകി. കേരളത്തിൽ നിന്ന് ബി.ജെ.പിക്ക് ഒരു എം.പി പോലുമില്ലാതിരുന്നിട്ടും യാതൊരു പക്ഷപാതിത്വവും കാട്ടാതെയാണ് മോദിസർക്കാർ കേരളത്തിന് പണം അനുവദിച്ചതെന്നും ശോഭ കരന്തലജെ പറഞ്ഞു.