തിരുവനന്തപുരം: കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാർത്ഥി ശോഭാസുരേന്ദ്രനെ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കടകംപള്ളിയിലൂടെ നടത്തിയ റോഡ് ഷോ പ്രവർത്തകർക്ക് ആവേശമായി. വിമാനത്താവളത്തിൽ നിന്ന് കാറിൽ 3.20 ന് കടകംപള്ളി അരശുംമൂട്ടിൽ യോഗിയെത്തിയപ്പോൾ സ്വീകരിക്കാൻ ബി.ജെ.പി പ്രവർത്തകരോടൊപ്പം കർണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണുമുണ്ടായിരുന്നു. നൂറുകണക്കിന് പ്രവർത്തകരുടെ മുദ്രാവാക്യം വിളിക്കിടെ കാറിന് പുറത്തേക്കിറങ്ങിയ ആദിത്യനാഥ് പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം തുറന്ന വാഹനത്തിലേക്ക് കയറി. ഒപ്പം അശ്വത്ഥ് നാരായണനും സ്ഥാനാർത്ഥി ശോഭാസുരേന്ദ്രനും ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ.എസ്. രാജീവും.
ആദിത്യനാഥിനെയും ശോഭാ സുരേന്ദ്രനെയും പ്രവർത്തകർ തലപ്പാവ് അണിയിച്ചു. വാഹനത്തിലേക്ക് കയറിയയുടനെ ജനങ്ങളെ അഭിവാദ്യം ചെയ്ത യോഗി മൈക്ക് എടുത്ത് ഭാരത് മാതാകീ ജയ്, വന്ദേമാതരം എന്നിങ്ങനെ മൂന്ന് തവണ ചൊല്ലി.
അരശുംമൂട് മുതൽ വെൺപാലവട്ടം വരെ കഷ്ടിച്ച് 800 മീറ്രർ മാത്രമാണ് റോഡ് ഷോ ഉണ്ടായിരുന്നതെങ്കിലും ഒരു മണിക്കൂറിലധികം സമയമെടുത്താണ് വാഹനം വെൺപാലവട്ടത്തെത്തിയത്. വാദ്യമേളങ്ങളോടൊപ്പം നീങ്ങിയ റോഡ് ഷോയ്ക്കിടെ പ്രവർത്തകരും അനുഭാവികളും പുഷ്പവൃഷ്ടിയും നടത്തി.
എൽ.ഡി.എഫും യു.ഡി.എഫും ഒരേ തൂവൽപ്പക്ഷികൾ: ആദിത്യനാഥ്
കേരളത്തിലെ എല്ലാവർക്കും നമസ്കാരം എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് യോഗി പ്രസംഗം തുടങ്ങിയത്. ഭക്തജനങ്ങൾക്ക് വേണ്ടി നിലകൊള്ളേണ്ട ദേവസ്വം ബോർഡുകൾ ശബരിമലയിൽ അയ്യപ്പഭക്തരുടെ താത്പര്യങ്ങൾക്കെതിരായാണ് നിലകൊണ്ടത്. അതിന് നേതൃത്വം നൽകിയ ദേവസ്വം മന്ത്രിയാണ് ഇവിടത്തെ ബി.ജെ.പിയുടെ എതിരാളി. അദ്ദേഹത്തിന്റെ കെട്ടിവച്ച കാശ് കളയണമെന്നും യോഗി പറഞ്ഞു. അഞ്ചുവർഷം യു.ഡി.എഫ്, പിന്നെ അഞ്ച് വർഷം എൽ.ഡി.എഫ് ഇതാണ് കേരള ഭരണം. ഇവർ രണ്ടുപേരും ഒരേ തൂവൽപ്പക്ഷികളാണ്. ജനക്ഷേമമല്ല അവരുടെ താത്പര്യം. മോദിയുടെ വീക്ഷണങ്ങൾക്കനുസരിച്ച വികസനം വേണമെങ്കിൽ കേരളത്തിലും ബി.ജെ.പി ഭരണം വരണമെന്ന് അദ്ദേഹം പറഞ്ഞു.