dewasom-board

തിരുവനന്തപുരം:ക്ഷേത്രങ്ങളിലെ ആചാരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ടുള്ളതല്ലാത്ത ഒരു കാര്യങ്ങൾക്കും ആയുധങ്ങളുപയോഗിച്ചോ അല്ലാതെയോ ഉള്ള കായികപരിശീലനം നിരോധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് വീണ്ടും സർക്കുലർ ഇറക്കി.

ഇക്കാര്യങ്ങൾ നേരത്തേ ബോർഡ് വിലക്കിയിട്ടുള്ളതാണെങ്കിലും ബോർഡിന്റെ അധീനതയിലുള്ള പല ദേവസ്വങ്ങളിലും ആർ.എസ്.എസ് ശാഖകൾ പ്രവർത്തിക്കുന്നതായും മാസ് ഡ്രിൽ നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സർക്കുലർ ഇറക്കിയത്.

പരിശീലനത്തിനോ മാസ് ഡ്രില്ലിനോ ക്ഷേത്ര സ്ഥാവര ജംഗമ വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ലാത്തതാണ്. ദേവാലയങ്ങളെ രാഷ്ട്രീയവത്കരിക്കുന്ന ഇത്തരം പ്രവണതകൾ ഗൗരവപൂർവ്വം വീക്ഷിക്കുന്നതായും സർക്കുലറിൽ പറയുന്നു. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് തടയുന്നതിന് ആവശ്യമായ നടപടികൾ ബന്ധപ്പെട്ട ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ/ സബ് ഗ്രൂപ്പ് ഓഫീസർ എന്നിവർ സ്വീകരിക്കേണ്ടതാണ്.

നേരത്തെ നിലവിലുള്ള വിലക്ക്

ആർ.എസ്.എസോ, മറ്റേതെങ്കിലും സംഘടനകളോ ശാഖ നടത്തുന്നതോ മാസ് ഡ്രിൽ നടത്തുന്നതോ നേരത്തേ തന്നെ ബോർഡ് വിലക്കിയിട്ടുള്ളതാണ്. ചില സ്ഥലങ്ങളിൽ വീണ്ടും ഇത് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാവണം സർക്കുലർ.

-എൻ.വാസു, തിരുവിതാംകൂർ

ദേവസ്വം ബോർഡ് പ്രസിഡന്റ്