ചെന്നൈ: തമിഴ്‌മണ്ണിലെ പൊള്ളുന്ന തിരഞ്ഞെടുപ്പ് ചൂടിലും സൂപ്പർസ്റ്റാർ രജനികാന്തിന് ദാദാ സാഹെബ് ഫാൽകെ അവാർഡ് ലഭിച്ചതറിഞ്ഞ് 'തലൈവാ...' എന്ന ആർപ്പുവിളിയോടെ ആഘോഷിക്കുകയാണ് ആരാധകർ. അപൂർവരാഗങ്ങൾ എന്ന ആദ്യ ചിത്രത്തിൽ
ചുണ്ടിൽ എരിയുന്ന ബീഡിയുമായി ഗേറ്റ് തള്ളിത്തുറന്നു വന്ന ആ ചെറുപ്പക്കാരന്റെ മാസ് എൻട്രി ഇന്ത്യൻ സിനിമയെ തന്നെ അടക്കിവാഴാനുള്ളതായിരുന്നെന്ന് ഒരുപക്ഷെ ആരും പ്രതീക്ഷിച്ചു കാണില്ല. ബാലചന്ദർ സംവിധാനം ചെയ്ത 1975ൽ പുറത്തിറങ്ങിയ '
അപൂർവരാഗങ്ങളിൽ' രജനി അഭിനയിച്ചത് വെറും 15 മിനിട്ടാണെങ്കിലും ആ സ്റ്റൈലും ഡയലോഗുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിലാണ് പതിഞ്ഞത്. 'പടയപ്പ'യിൽ ചുരുട്ടുകത്തിച്ച് തല ഇടത്തോട്ടും വലത്തോട്ടും ആട്ടി നടന്നുവരുന്ന തലൈവരുടെ ആ വരവിന് അന്യനാട്ടിൽപോലും ലക്ഷക്കണക്കിന് ആരാധകരുണ്ട്. ''മിൻസാരക്കണ്ണാ, എല്ലാർക്കും ഉന്നൈ ഏൻ പിടിച്ചിരിക്കെന്ന് തെരിയുമാ? വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നൈ വിട്ടു പോകലൈ''- എന്ന് പടയപ്പയിൽ നീലാംബരി (രമ്യാകൃഷ്ണൻ) പറയുന്നതാണ് സത്യം. അവസാനം ഇറങ്ങിയ എ.ആർ. മുരുകദാസ് സംവിധാനം ചെയ്ത ദർബാറിൽ അഭിനയിക്കുമ്പോഴും ആ സ്റ്റൈലും പ്രസരിപ്പുമൊന്നും തലൈവരെ വിട്ടുപോയിട്ടില്ല.
പിന്നാലെ രാഷ്ട്രീയ വിവാദം
ഫാൽകെ അവാർഡ് ലഭിച്ചത് അപ്രതീക്ഷിതമാണെങ്കിലും അതിനെച്ചൊല്ലിയും വിവാദങ്ങൾ തലപൊക്കുന്നുണ്ട്. തമിഴ്നാട്ടിൽ എൻ.ഡി.എക്ക് അനുകൂലമായി വോട്ടുവീഴാനുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് ഈ അവാർഡെന്നാണ് ചിലർ ആരോപിക്കുന്നത്. അതേസമയം രജനി എൻ.ഡി.എയുടെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലല്ലോയെന്ന് ആരാധകർ ചോദിക്കുന്നു. എൻ.ഡി.എയ്ക്ക് പിന്തുണ നൽകാൻ രജനിക്ക് ഇനിയും അവസരമുണ്ടെങ്കിലും അതിനുള്ള സാദ്ധ്യത കുറവാണ്. ഇനി അഥവാ പിന്തുണ നൽകിയാൽ പ്രവർത്തിക്കാൻ തയാറായി അരലക്ഷത്തോളം രസികർ മൻട്രങ്ങളുണ്ട്. മുമ്പ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച ചരിത്രവും രജനിയ്ക്കുണ്ട്. 2017ലാണ് രജനികാന്ത് രാഷ്ട്രീയപാർട്ടി രൂപീകരണ തീരുമാനം അറിയിച്ച് മറ്റ് കക്ഷികളുടെ പേടി സ്വപ്നമായി മാറിയത്. ഡി.എം.കെ.യെയും എ.ഐ.എ.ഡി.എം.കെ.യെയും രജനിയുടെ നീക്കങ്ങൾ ഒരുപോലെ അങ്കലാപ്പിലാക്കിയിരുന്നു.
പിന്നെ നീണ്ട നിശബ്ദത. കൊവിഡ് കാരണം ആദ്യം പിന്മാറുമെന്നറിയിച്ചു. പിന്നീട് ആരാധകരുടെ തലൈവാ വാ... മുറവിളിയിൽ പാർട്ടി പ്രഖ്യാപനത്തിന് മുഹൂർത്തം കുറിച്ചു. പാർട്ടി പേര്, ചിഹ്നം ഒക്കെ റെഡി. ഒടുവിൽ എല്ലാം വച്ചവസാനിപ്പിക്കുന്നു.
തമിഴക രാഷ്ട്രീയത്തിൽ രജനികാന്തിന് വിശാലമായ സ്ഥലമുണ്ടായിരുന്നു. ഇപ്പോഴല്ല 1996ൽ. അന്ന് രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നെങ്കിൽ മറ്റൊരു എൻ.ടി.ആറോ എം.ജി.ആറോ ആകുമായിരുന്നു
പുരസ്‌കാരങ്ങളെച്ചൊല്ലിയുള്ള വിവാദം തമിഴകത്ത് ഇതാദ്യമല്ല.1988ൽ മരണാനന്തര ബഹുമതിയായി എം.ജി.ആറിനു കേന്ദ്ര സർക്കാർ ഭാരതരത്ന നൽകി ആദരിച്ചു. എം.ജി.ആറിന്റെ മരണത്തിന് പിന്നാലെ അണ്ണാ ഡി.എം.കെയിൽ നേതൃയുദ്ധം മുറുകുന്ന സമയമാണത്.എം.ജി.ആർ ആരാധകരെ കോൺഗ്രസിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യം കൂടി രാജീവ് ഗാന്ധി സർക്കാരിനുണ്ടായിരുന്നുവെന്ന ചർച്ച അന്നുയർന്നിരുന്നു. എന്നാൽ കോൺഗ്രസിന്റെ സ്വപ്നം പൂവണിഞ്ഞില്ലെന്നത് ചരിത്രം.
അണ്ണാത്തെയുടെ ലൊക്കേഷനിൽ
രാഷ്ട്രീയ പിന്തുണ ആർക്കെന്ന ചർച്ചകൾ ഉയരുമ്പോഴും പുതിയ ചിത്രമായ 'അണ്ണാത്തെയുടെ' ചെന്നൈയിലെ ലൊക്കേഷനിലാണ് രജന. അവാർഡ് പ്രഖ്യാപന വേളയിൽ തന്നെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് മുന്നിൽ തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടോയെന്ന ചോദ്യമെത്തിയതാണ്. എന്നാൽ,തിരഞ്ഞെടുപ്പുമായി ഇതിനെ കൂട്ടിക്കുഴയ്ക്കരുതെന്നായിരുന്നു മന്ത്രിയുടെ അഭ്യർത്ഥന. രജനികാന്ത് വേറെ ലെവൽ രജനി സിമ്പിളാണ്.ഷൂട്ടിംഗിനിടയിലെ ഇടവേളയിൽ സെറ്റിലെ ഒരു സോഫയിലോ വെറും നിലത്തോ കണ്ണിനു മുകളിൽ ഒരു നനഞ്ഞ തൂവാലയും വച്ച് കിടന്നുറങ്ങും. 'ശിവാജി'ക്ക് 26 കോടി രൂപ വാങ്ങിയെന്ന പേരിലാണ് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന നടനെന്ന പേര് രജനിക്ക് വീഴുന്നത്. എന്നാൽ ബാങ്കിൽ നിന്നു വായ്പയെടുത്ത് നിർമ്മിച്ച ആ സിനിമ പൂർത്തിയായ ശേഷം മതി തന്റെ പ്രതിഫലമെന്നാണ് രജനി അന്ന് പറഞ്ഞത്. സിനിമ പരാജയപ്പെടുമ്പോൾ വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകുന്ന, പരാജയപ്പെട്ട മൂവി ബാനറിന്റെ മറ്റൊരു സിനിമയിൽ പങ്കാളിയായി നഷ്ടം നികത്താമെന്നു പറയുന്ന വേറൊരു സൂപ്പർ സ്റ്റാറും ഇന്ത്യൻ സിനിമയിലില്ല. 'ശിവാജി'യുടെ പൂനെയിലെ ലൊക്കേഷനടുത്ത് രജനിക്കായി വലിയൊരു മുറിയാണ് ബുക്ക് ചെയ്തത്. എന്നാൽ അദ്ദേഹം പറഞ്ഞതിങ്ങനെ 'എനിക്കൊന്നുറങ്ങണം. ഉണരുമ്പോൾ യോഗ ചെയ്യണം, ധ്യാനിക്കണം. പിന്നെ ഭക്ഷണം കഴിക്കണം. അതിനു സൗകര്യങ്ങളുള്ള സിംഗിൾ മുറി മതി'. ഐശ്വര്യ റായിക്കൊപ്പം അഭിനയിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്'- മാലാഖയെപ്പോലിരിക്കുന്ന ആ ലോകസുന്ദരിയോട് എനിക്കേറെ നന്ദിയുണ്ട്. ഈ വയസനായ, കറുത്ത, കഷണ്ടിക്കാരന്റെ നായികയായി അഭിനയിക്കാൻ സമ്മതിച്ചതിന്..'