vaccination

ആദ്യദിനം അരലക്ഷത്തിലേറെ പേർ

9.5 ലക്ഷം ഡോസ് കൊവിഷീൽഡ് കൂടി എത്തി

തിരുവനന്തപുരം:45 വയസിന് മുകളിലുള്ളവർക്ക് കൊവിഡ് വാക്സിൻ കുത്തിവച്ചു തുടങ്ങി. ആദ്യ ദിവസം 52,097 പേർ കുത്തിവയ്‌പെടുത്തു. അതേസമയം സംസ്ഥാനത്ത് 9,51,500 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി എത്തി. തിരുവനന്തപുരത്ത് 4,40,500 ഡോസും എറണാകുളത്ത് 5,11,000 ഡോസുമാണ് എത്തിയത്.

791 സർക്കാർ ആശുപത്രികളും 361 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 1,152 വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്.

സംസ്ഥാനത്ത് ഇതുവരെ 36,31,372 ഡോസ് വാക്സിൻ നൽകി. 32,21,294 പേർ ആദ്യഡോസും 4,10,078 പേർ രണ്ടാം ഡോസും സ്വീകരിച്ചു. ഇതിൽ 34,89,742 പേർക്ക് കോവിഷീൽഡ് വാക്സിനും 1,41,630 പേർക്ക് കോവാക്സിനുമാണ് നൽകിയത്.

ഇന്നലെ ചീഫ് സെക്രട്ടറി വി.പി.ജോയി വാക്സിൻ സ്വീകരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം ഉണ്ടാകാമെന്നും രോഗബാധ കൂടുന്ന ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വർദ്ധിക്കുന്നതിനാൽ 45 വയസിന് മുകളിലുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു. ഓൺലൈനിലും ആശുപത്രിയിൽ നേരിട്ടും രജിസ്റ്റർ ചെയ്ത് വാക്സിൻ സ്വീകരിക്കാം. www.cowin.gov.in എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാം. പരമാവധി ആളുകൾക്ക് വാക്സിൻ നൽകാൻ വരും ദിവസങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും.