തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ആരോപണ- പ്രത്യാരോപണങ്ങൾക്ക് മുന്നണികൾ മൂർച്ച കൂട്ടിയതോടെ വീറും വാശിയും പാരമ്യത്തിലെത്തി. പ്രതിപക്ഷ നേതാവ്, തിരഞ്ഞെടുപ്പ് കമ്മിഷനെ വെല്ലുവിളിച്ച് 4.34 ലക്ഷം വ്യാജ വോട്ടർമാരുടെ പട്ടിക വെബ് സൈറ്റിലൂടെ പുറത്തുവിട്ടതിനെ ചൊല്ലിയാണ് പുതിയ വിവാദം.
വോട്ടർമാരുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരം അവരുടെ അനുമതിയില്ലാതെ സിംഗപ്പൂർ ആസ്ഥാനമായ കമ്പനിയുടെ വെബ്സൈറ്റ് വഴി ചോർത്തിയെന്നാരോപിച്ച് ഇരട്ടവോട്ട് വിവാദത്തെ പുതിയ വഴിത്തിരിവിലെത്തിച്ചത് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയാണ്. സ്‌പ്രിൻക്ലർ ഡേറ്റാ ശേഖരണ വിവാദത്തിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ രമേശ് ചെന്നിത്തലയെ സമാന ആരോപണവുമായി വെട്ടിലാക്കാനാണ് സി.പി.എം ശ്രമം.
എന്നാൽ, ആർക്കും ലഭ്യമാകാവുന്ന ഡേറ്റയാണ് താൻ പുറത്തുവിട്ടതെന്നാണ് ചെന്നിത്തലയുടെ മറുപടി. എന്നാൽ, ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ടുകളിലേറെയും ഇരട്ട സഹോദരങ്ങളുടേതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം ആരോപിച്ചു. അന്തരിച്ച സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്റെ പേര് വോട്ടർ പട്ടികയിലുൾപ്പെട്ടതിനെതിരെ കോൺഗ്രസെത്തിയപ്പോൾ, പേരൊഴിവാക്കാൻ നേരത്തേ ആവശ്യപ്പെട്ടിരുന്നെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടുമെത്തുന്നതോടെ ആക്രമണ- പ്രത്യാക്രമണങ്ങളുടെ മാനം വീണ്ടും മാറിയേക്കാം. കേരളമാകെ ഉറ്റുനോക്കുന്ന നേമത്ത് കെ. മുരളീധരന്റെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി നാളെയെത്തും. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും മുൻനിര നേതാക്കൾ കേരളത്തിലുടനീളമുണ്ട്.
ഞായറാഴ്ചയാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. അന്ന് ഈസ്റ്ററാണ്. ദുഃഖവെള്ളിയായ ഇന്നും പല സ്ഥാനാർത്ഥികളും പരസ്യപ്രചാരണത്തിന് അവധി പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച നിശ്ശബ്ദ പ്രചരണം. ഇടതു സ്ഥാനാർത്ഥികൾ ഇന്ന് മുതൽ ഗൃഹസന്ദർശനത്തിലേക്ക് കടക്കും. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ മണ്ഡല പര്യടനങ്ങൾ അവസാനഘട്ടത്തിലും.
ചിത്രം മാറ്റി അടിയൊഴുക്ക്
തുടക്കത്തിൽ മുന്നണികൾ സുരക്ഷിത താവളങ്ങളായി കരുതിയ പല മണ്ഡലങ്ങളിലും അവസാന ഘട്ടമെത്തിയപ്പോഴേക്കും അടിയൊഴുക്കുകൾ മത്സരചിത്രം മാറ്റി. വാശിയേറിയ ത്രികോണ മത്സരമെന്ന നില വന്നത് പല മണ്ഡലങ്ങളിലെയും ഫലം പ്രവചനാതീതമാക്കുന്നു. കഴിഞ്ഞ തവണ ഇടതുമുന്നണിയെ ഏറെ തുണയ്ക്കുകയും യു.ഡി.എഫിന് വലിയ അടി നൽകുകയും ചെയ്ത തെക്കൻ ജില്ലകളിലെ പല മണ്ഡലങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലേക്ക് കടന്നു. ഇടതിനെ തുണച്ച തൃശൂർ, പാലക്കാട് പോലുള്ള ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല.
ബോംബ് പൊട്ടുന്നതും കാത്ത്
അവസാന മണിക്കൂറുകളിൽ കേരളം ഉറ്റുനോക്കുന്നത് മുഖ്യമന്ത്രിയുടെ ബോംബ് ആരോപണമാണ്. അടുത്ത ദിവസം ബോംബ് പൊട്ടുമെന്ന് കഴിഞ്ഞ ദിവസം കാസർകോട്ട് പറഞ്ഞ മുഖ്യമന്ത്രി, പല ആയുധങ്ങളും അണിയറയിൽ തയ്യാറാകുന്നുവെന്ന് ഇന്നലെ കണ്ണൂരിൽ ആവർത്തിച്ചു. ഉയരാനിടയുള്ള ആക്രമണത്തെ മുൻകൂട്ടി പ്രത്യാക്രമിച്ച് പ്രതിരോധിക്കുന്ന തന്ത്രമാണ് മുഖ്യമന്ത്രിയുടേതെന്ന വിലയിരുത്തലുമുണ്ട്.
അന്തരിച്ച പി.കെ.കുഞ്ഞനന്തനും വോട്ടർ
പാനൂർ : കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ 75ാം ബൂത്തിൽ 67 2-നമ്പർ വോട്ടറായി അന്തരിച്ച സി.പി.എം നേതാവ്പി.കെ. കുഞ്ഞനന്തന്റെ പേരുണ്ടെന്ന് യു.ഡി.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പേര് നീക്കംചെയ്യാൻ തങ്ങൾ അപേക്ഷ നല്കിയിട്ടും ഫീൽഡ് വെരിഫിക്കേഷനിൽ അധികൃതർ നിരസിച്ചു. ഇതുപോലെ ആയിരക്കണക്കിന് വോട്ടുകൾ കൂത്തുപറമ്പിൽ നിലവിലുണ്ടെന്നും അവർ ആരോപിച്ചു.