fishing

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ സ്ഥാപനമായ ഇ.എം.സി.സിയുമായി ഒപ്പുവച്ച ധാരണാപത്രങ്ങളും ഭൂമി അലോട്ട്മെന്റ് ലെറ്ററും റദ്ദാക്കാൻ തീരുമാനിച്ചെന്ന് സർക്കാർ വിശദീകരിക്കുമ്പോഴും ഉത്തരവുകൾ ഇറങ്ങാത്തതിന്റെ ദുരൂഹത മാറുന്നില്ല.

2020 ജനുവരിയിലെ അസന്റ് നിക്ഷേപക മേളയിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇ.എം.സി.സിയുമായി രണ്ട് ധാരണാപത്രങ്ങളാണ് രണ്ട് പൊതുമേഖലാസ്ഥാപനങ്ങളുടെ എം.ഡി.മാർ ഒപ്പുവച്ചത്. ഇതിൽ സംസ്ഥാന ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ (കെ.എസ്.എൻ.ഐ.സി )​ ധാരണാപത്രം മാത്രം റദ്ദാക്കി സർക്കാർ ഉത്തരവിറക്കി. സർക്കാരുമായുള്ള അടിസ്ഥാന ധാരണാപത്രം വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി )​ ആണ് ഒപ്പുവച്ചത്. അത് റദ്ദാക്കി ഉത്തരവ് ഇറക്കിയിട്ടില്ല. അതുപോലെ ഇ.എം.സി.സിക്ക് ഭൂമി അനുവദിച്ചത് റദ്ദാക്കുന്ന ഉത്തരവും ഇറങ്ങിയില്ല. ഇതാണ് ആശയക്കുഴപ്പത്തിന് കാരണം.


1.കെ.എസ്.ഐ.ഡി.സി

*ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്ക് ഇ.എം.സി.സി. 5000 കോടി രൂപ മുടക്കാനുള്ള ധാരണാപത്രം 2020 ഫെബ്രുവരി 28ന് കെ.എസ്.ഐ.ഡി.സി എം.ഡി. എം.ജി. രാജമാണിക്യം ഒപ്പിട്ടു. 25,​000 തൊഴിലവസരമായിരുന്നു വാഗ്ദാനം. വിവാദമായതിന് പിന്നാലെ,​ ഈ ധാരണാപത്രം റദ്ദാക്കാൻ സർക്കാർ നിർദ്ദേശപ്രകാരം നടപടിയെടുത്തതായി എം.ഡി 2021 ഫെബ്രുവരി 26ന് സർക്കാരിന് കുറിപ്പ് നൽകി. 26ന് തന്നെ ധാരണാപത്രം റദ്ദാക്കിയെന്നാണ് വ്യവസായ വകുപ്പിന്റെ അറിയിപ്പ്. എന്നാൽ ഇതിന്റെ ഉത്തരവ് ഇറങ്ങിയിട്ടില്ല.

2.കെ.എസ്.ഐ.എൻ.സി

*ആഴക്കടൽ മത്സ്യബന്ധനത്തിന് 400 യാനങ്ങളും മൂന്ന് മദർ ഷിപ്പുകളും 7 തുറമുഖങ്ങളും നിർമ്മിക്കാൻ ഇ.എം.സി.സി. 2950 കോടി മുടക്കുന്നതിനുള്ള ധാരണാപത്രം ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ എം.ഡി. എൻ. പ്രശാന്ത് 2021 ഫെബ്രുവരി 2നാണ് ഒപ്പിട്ടത്. ഈ ധാരണാപത്രം റദ്ദാക്കി 2021 ഫെബ്രുവരി 22ന് ഉത്തരവിറക്കി.

3. ഇ.എം.സി.സിക്ക് ഭൂമി

* മത്സ്യ സംസ്‌കരണത്തിന് കെ.എസ്.ഐ.ഡി.സിയുടെ ചേർത്തല പള്ളിപ്പുറത്തെ മെഗാഫുഡ് പാർക്കിൽ നാലേക്കർ ഭൂമി ഇ.എം.സി.സിക്ക് അനുവദിച്ചുള്ള കത്ത് 2021 ഫെബ്രുവരി 3ന് കൈമാറി. ഇ.എം.സി.സി. 5,49,02,580 രൂപ അടച്ച് സ്ഥലം ഏറ്റെടുക്കണം.

*സർക്കാർ നിർദ്ദേശ പ്രകാരം ഇൗ കത്ത് റദ്ദാക്കാൻ തീരുമാനിച്ചതായി കെ.എസ്.ഐ.ഡി.സി. 2021 ഫെബ്രുവരി 26ന് സർക്കാരിന് കുറിപ്പ് നൽകി. റദ്ദാക്കിയ സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല.

@റദ്ദാക്കാൻ നടപടികൾ

ഭരണഘടനയുടെ സെക്‌ഷൻ 166 (3) അനുസരിച്ച് പൊതുമേഖലാസ്ഥാപനങ്ങൾ ഒപ്പിടുന്ന ധാരണാപത്രങ്ങൾക്ക് ഉത്തരവാദി സർക്കാരാണ്. ഇത് റദ്ദാക്കാനുള്ള അധികാരം അതത് വകുപ്പ് സെക്രട്ടറിക്കാണ്. അതിന് മുമ്പ് കക്ഷിക്ക് നോട്ടീസ് നൽകി വിശദീകരണം കേൾക്കണം. അല്ലാതെയുള്ള റദ്ദാക്കലിന് നിയമസാധുത ഇല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കക്ഷിക്ക് കോടതി വഴിയോ, സർക്കാരിന് അപേക്ഷ നൽകിയോ ധാരണാപത്രം പുനഃസ്ഥാപിക്കാം.