mulla

തിരുവനന്തപുരം: അമിത് ഷായുടെയും മോദിയുടെയും വിനീതവിധേയനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്റിക്ക് തന്നെ അധിക്ഷേപിക്കാൻ ധാർമികമായ അവകാശമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

കെ.പി.സി.സി അദ്ധ്യക്ഷൻ എന്നനിലയിൽ കഴിഞ്ഞ രണ്ടുവർഷം ഉന്നയിച്ച ആക്ഷേപങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മുഖ്യമന്ത്റിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളിൽ വസ്തുതാ വിരുദ്ധമായകാര്യങ്ങൾ ഉണ്ടെങ്കിൽ മറുപടി പറയണം. എനിക്ക് ആരാണ് വിവരം തരുന്നത് എന്ന് മുഖ്യമന്ത്റിയുടെ ഇന്റലിജന്റ്സ് വിഭാഗം എത്ര പരിശോധിച്ചാലും കണ്ടെത്താനാകില്ല.

ടി.പി. ചന്ദ്രശേഖരൻ വധം നടന്ന് മണിക്കൂറുകൾക്കകം സി.പി.എമ്മാണ് പ്രതികളെന്ന് ആദ്യം പറഞ്ഞത് ഞാനാണ്. അമിത് ഷായുടെയും മോദിയുടെയും ഇടപെടൽ ഇല്ലാതെ ടി.പി വധത്തെ കുറിച്ച് സത്യസന്ധമായി സി.ബി.ഐ അന്വേഷിച്ചാൽ വമ്പൻ സ്രാവുകൾ വലയിൽ കുടുങ്ങുക തന്നെ ചെയ്യും- മുല്ലപ്പള്ളി പറഞ്ഞു.