നെടുമങ്ങാട്: 'ഞങ്ങളൊരു നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതിനിയമം കേരളത്തിൽ നടപ്പിലാക്കില്ല.അങ്ങനൊരു ദുരവസ്ഥയ്ക്ക് ഈ സർക്കാർ കൂട്ടുനിൽക്കില്ല'.... മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറെ ശ്രദ്ധേയമായ പ്രസംഗത്തിലെ പഞ്ച് ഡയലോഗുകൾ. തിരഞ്ഞെടുപ്പ് ഗോദയിൽ പിണറായിയുടെ ഈ ഇടിവെട്ട് ഡയലോഗാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ ഇത്തവണത്തെ പ്രധാന തിരഞ്ഞെടുപ്പ് ആയുധം.യു.ഡി.എഫും എൻ.ഡി.എയും ശബരിമല വിഷയം ഉന്നയിച്ച് സ്വീകരണ കേന്ദ്രങ്ങളിൽ ഉയർത്തുന്ന പ്രതിരോധം മറികടക്കാനുള്ള എൽ.ഡി.എഫിന്റെ ബ്രഹ്മാസ്ത്രമാണ് പിണറായിയുടെ പ്രസംഗം. പ്രവർത്തകരെ ഇളക്കിമറിച്ചുള്ള പ്രമുഖ നേതാക്കളുടെ റെക്കാഡ് പ്രസംഗങ്ങൾ പൈലറ്റ് വാഹനങ്ങളിലൂടെ സ്വീകരണകേന്ദ്രങ്ങളിൽ കേൾപ്പിക്കാൻ മൂന്ന് മുന്നണികളും പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പ്രസംഗങ്ങളും പ്രവർത്തകർക്ക് ആവേശമാണ്. ഓരോ പോയിന്റിലും പ്രസംഗത്തിലെ പ്രസക്തമായ ഭാഗങ്ങൾ ആവർത്തിച്ചു കേൾപ്പിച്ചാണ് സ്ഥാനാർത്ഥികളുടെ പ്രചാരണ വാഹനങ്ങൾ കടന്നുപോകുന്നത്. ഡിജിറ്റൽ വാളിലൂടെയുള്ള സമകാലിക സംഭവങ്ങളുടെ നേർക്കാഴ്ചയും താഴേത്തട്ടിലെ പ്രവർത്തകർക്ക് ഊർജ്ജമേകുന്നുണ്ട്. പത്ത് ദിവസമായി നാടിനെ പ്രകമ്പനംകൊള്ളിച്ച് മുന്നേറിയ സ്വീകരണ പര്യടനങ്ങൾ ഇന്നലെമുതൽ അവസാന പോയിന്റിലേക്ക് കടന്നു. നെടുമങ്ങാട് മണ്ഡലത്തിലെ സ്‌ഥാനാർത്ഥികളുടെ സ്വീകരണപര്യടനം ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ അവസാനിപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.ആർ.അനിൽ നഗരസഭയിലെ മന്നൂർക്കോണം ഖാദി ജംഗ്ഷനിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച പര്യടനം ഉളിയൂർ വാർഡിലാണ് സമാപിച്ചത്. ലൈഫ് ഭവന പദ്ധതിയിലൂടെ വീട് ലഭിച്ച ചന്ദ്രനും കുടുംബവും തെർമോകോളിൽ തീർത്ത വീട് നൽകി അനിലിനെ സ്വീകരിച്ചത് വേറിട്ട അനുഭവമായി. പുഷ്പകിരീടവും കരിക്കിൻകുലകളും വാഴക്കുലയും തിരഞ്ഞെടുപ്പ് ചിഹ്നമായ അരിവാളും നെൽക്കതിരും സ്വീകരണ കേന്ദ്രങ്ങളെ സമൃദ്ധമാക്കി. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. ആർ.ജയദേവൻ, കൺവീനർ പാട്ടത്തിൽ ഷെരീഫ്, മാങ്കോട് രാധാകൃഷ്ണൻ, ചെറ്റച്ചൽ സഹദേവൻ തുടങ്ങിയവർ നേതൃത്വം നല്കി. വിവിധ കേന്ദ്രങ്ങളിൽ അഡ്വ.എ.ആർ. ഷാജി, ലിജു, കണ്ണൻ എസ്.ലാൽ, അൽജിഹാൻ,പാങ്ങോട് സിദ്ദിഖ്, പി.ഹരികേശൻനായർ, മന്നൂർക്കോണം രാജേന്ദ്രൻ,കെ.പി. പ്രമോഷ് തുടങ്ങിയവർ പ്രസംഗിച്ചു. എം.ശ്രീകേഷ്, മഹേന്ദ്രൻ ആചാരി, ഷാജി അഹമ്മദ്,എസ്.ആർ. ഷൈൻലാൽ,കെ.റഹീം,പി.എ. ശുക്കൂർ, കെ.എ. അസീസ്, പി.കെ. സാം തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
*പ്രശാന്തും ജെ.ആറും മാണിക്കലിൽ
നെടുമങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്. പ്രശാന്തും എൻ.ഡി.എ സ്ഥാനാർത്ഥി ജെ.ആർ. പദ്മകുമാറും മാണിക്കൽ പഞ്ചായത്തിലാണ് പര്യടനം അവസാനിപ്പിച്ചത്. വേളാവൂരിൽ നിന്ന് തുടങ്ങിയ പ്രശാന്തിന്റെ പര്യടനം വെമ്പായത്ത് സമാപിച്ചു.കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെയും വനിതകളുടെയും പങ്കാളിത്തം ശ്രദ്ധിക്കപ്പെട്ടു.മുൻ ഡി.സി.സി പ്രസിഡന്റ് കാവിയാട് ദിവാകരപ്പണിക്കരുടെ വസതിയിൽ പുഷ്‌പാർച്ചനയ്ക്കും അനുസ്മരണത്തിനും പി.എസ്. പ്രശാന്ത് നേതൃത്വം നൽകി.ഇന്നും നാളെയും കരുപ്പൂര്,പോത്തൻകോട്, നെടുമങ്ങാട് ഭാഗങ്ങളിൽ ദേശീയ, സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ റോഡ് ഷോയും പൊതുയോഗങ്ങളും നടക്കും. ജെ.ആർ.പദ്മകുമാറിന്റെ പര്യടനം വെമ്പായം ജംഗ്ഷനിൽ കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരയൺ ഉദ്ഘാടനം ചെയ്തു.വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും ആരവത്തോടെ 31 കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. കോലിയക്കോട് ഉല്ലാസ് നഗറിലായിരുന്നു സമാപനം. ഡോ.തോട്ടയ്ക്കാട് ശശി, പൂവത്തൂർ ജയൻ,നൂറനാട് ഷാജഹാൻ,ബി.ജെ.പി മേഖലാ ഉപാദ്ധ്യക്ഷൻ കല്ലയം വിജയകുമാർ, നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ,മണ്ഡലം ജനറൽ സെക്രട്ടറിമാരായ കോലിയക്കോട് മുരളീകൃഷ്ണൻ, നെടുമങ്ങാട് ഉദയൻ,പഞ്ചായത്ത് സമിതി പ്രസിഡന്റ് ഷിജു തുടങ്ങിയവർ അനുഗമിച്ചു. വരുംദിവസങ്ങളിൽ മണ്ഡലത്തിലെ പ്രധാന കവലകളിൽ ഫ്‌ളാഷ് മോബും റോഡ്ഷോയും നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം.