ഇലക്ഷന് മുമ്പ് വിതരണം ഇനി രണ്ടുദിവസം മാത്രം
തിരുവനന്തപുരം: വോട്ടർമാരെ സ്വാധീനിക്കാനെന്ന ആക്ഷേപങ്ങൾക്കും വിവാദങ്ങൾക്കുമിടയിൽ ആരംഭിച്ച വിഷുസ്പെഷ്യൽ കിറ്റ് വിതരണം പക്ഷെ മുന്നോട്ട് പോകുന്നത് മന്ദഗതിയിൽ. 90 ലക്ഷം കിറ്റുകളിൽ ഇതുവരെ കൈമാറിയത് 1,57,119 എണ്ണം മാത്രം.
റേഷൻകട വഴിയാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. സ്റ്റോക്ക് പലയിടത്തുമില്ലാത്തതിനാൽ സ്പെഷ്യൽ അരിയുടെ വിതരണവും പതുക്കെയാണ് പുരോഗമിക്കുന്നത്. ഇലക്ഷന് മുമ്പ് നാളെയും തിങ്കളാഴ്ചയുമാണ് ഇനി കിറ്റ് വിതരണമുള്ളത്.
സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതൽ കിറ്റുകൾ വിതരണം ചെയ്തത് തിരുവനന്തപുരത്താണ്. 54,146കിറ്റുകൾ.
ആലപ്പുഴയിൽ 18,097കിറ്റും കൊല്ലത്ത് 17,764ഉം എറണാകുളത്ത് 17,619കിറ്റും വിതരണം ചെയ്തു. മറ്റ് ജില്ലകളിൽ പതിനായിരത്തിൽ താഴെയാണ്. ഏറ്റവും കുറവ് കാസർകോടാണ്. 1636കിറ്റുകൾ.
അതേ സമയം സ്പെഷ്യൽ അരി സർക്കാർവക റേഷൻ പെർമിറ്റ് ഇല്ലാത്ത വൃദ്ധസദനങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, അഗതിമന്ദിരങ്ങൾ, ആശ്രമങ്ങൾ, ക്ഷേമാശുപത്രികൾ, ക്ഷേമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന വ്യക്തികൾക്കും അനുവദിച്ച് സർക്കാർ സർക്കുലർ പുറത്തിറക്കി.