പാറശാല: പാറശാല നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കരമന ജയന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് ആവേശവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റോഡ് ഷോ നടന്നു. കുറുങ്കുട്ടി കെ.എസ്.ആർ.ടി.സി ജംഗ്‌ഷൻ മുതൽ പാറശാല പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയാണ് റോഡ്ഷോ സംഘടിപ്പിച്ചത്. സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവർത്തകർ റോഡ് ഷോയ്ക്ക് അകമ്പടിയായി. വൈകിട്ട് 6 മണിയോടെ ഹെലികോപ്റ്ററിൽ പാറശാല ഭാരതീയ വിദ്യാപീഠം സ്‌കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ അദ്ദേഹത്തെ കമാൻഡോകളുടെയും നൂറ് കണക്കിന് കേന്ദ്ര പൊലീസ് സേനയുടെയും സുരക്ഷാവലയത്തിലാണ് കുറുങ്കുട്ടിയിലും തുടർന്നുള്ള റോഡ് ഷോയിലും പങ്കെടുത്തത്. ഭാരതീയ വിദ്യാപീഠം അധികൃതരുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ഹൃദ്യമായ വരവേല്പാണ് യോഗിക്ക് നൽകിയത്. എൻ.ഡി.എ സ്ഥാനാർത്ഥി കരമന ജയൻ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എം. പ്രദീപ്, ജനറൽ സെക്രട്ടറിമാരായ ആലത്തൂർ പ്രസന്നൻ, എസ്.വി. ശ്രീജേഷ്, ബിജു ബി.നായർ, മഞ്ചവിളാകം കാർത്തികേയൻ, കൊല്ലയിൽ അജിത്, തൂങ്ങാംപാറ ബാലകൃഷ്ണൻ തുടങ്ങിയവരും റോഡ് ഷോയിൽ യോഗിക്ക് അകമ്പടിയായി. ജനസാഗരത്തിനു നടുവിലൂടെ പ്രത്യേക വാഹനത്തിൽ സ്ഥാനാർത്ഥി കരമന ജയനോടൊപ്പം പര്യടനം നടത്തിയ അദ്ദേഹം ജനങ്ങളെ കൈവീശി സംബോധന ചെയ്തു. വഴിനീളെ നിന്നിരുന്ന പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾക്ക് സ്നേഹാഭിവാദ്യം അർപ്പിച്ച് ജംഗ്ഷനിലെത്തി. തുടർന്ന് പതിനഞ്ച് മിനിറ്റോളം കേരളത്തിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളെപ്പറ്റി സംസാരിച്ച് കരമന ജയന് വോട്ടു നൽകണമെന്ന് പാറശാലക്കാരോട് അഭ്യർത്ഥിച്ച ശേഷം മടങ്ങി.