ck-baiju

തിരുവനന്തപുരം: മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ സി.കെ.ബൈജുവിനെ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് തൽസ്ഥാനത്ത് നിന്ന് നീക്കി സർക്കാർ ഉത്തരവിറക്കി. .ഹൈക്കോടതിവിധി പറഞ്ഞ മാർച്ച് 28 മുതലുള്ള ബൈജുവിന്റെ ഉത്തരവുകളും റദ്ദാക്കിയതായി.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു.

ഒരു വർഷം മുമ്പാണ് ഡയറക്ടർ പ്രേംകുമാറിനെ മാറ്റി അഡിഷണൽ ഡയറക്ടറായിരുന്ന ബൈജുവിനെ ഡയറക്ടർ പദവിയിൽ നിയോഗിച്ചത്. പൊതുതാല്പര്യഹർജിയെ തുടർന്നാണ് ജസ്റ്റിസ് എസ്.മണികുമാർ, ഷാജി പി.ചാലി എന്നിവരടങ്ങിയ ബെഞ്ച് ഇയാളെ നീക്കാൻ നിർദ്ദേശിച്ചത്. സാധാരണ ഐ.എ.എസുകാർക്കുള്ള പദവിയാണ് ഡയറക്ടറുടേത്. ജില്ലാതല ഓഫീസറായിരിക്കുമ്പോൾ മുതൽ ബൈജു നിരവധി വിജിലൻസ് അന്വേഷണങ്ങൾ നേരിടുന്നുണ്ട്.