ടൂറിസ്റ്റുകൾ ഒഴുകിയെത്തുന്ന ബീച്ചിലാണ് പുതുച്ചേരി സെക്രട്ടേറിയറ്റ്. അവിടെ മുഖ്യമന്ത്രിക്കസേരയിൽ ആര് ഇരിക്കും എന്നു ചോദിച്ചാൽ ഭൂരിപക്ഷവും പറയുന്നത് ജൂനിയർ കാമരാജ് എൻ.രംഗസ്വാമി എന്നാണ്. നമതു രാജ്യം കോൺഗ്രസ് (എൻ.ആർ കോൺഗ്രസ്) നേതാവും മുൻ മുഖ്യമന്ത്രിയുമാണ് എൻ.രംഗസ്വാമി (71). കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കി എൻ.ഡി.എയിൽ എത്തിയ അദ്ദേഹം അധികാരം പിടിക്കുമെന്നാണ് സൂചനകൾ.പുതിയ സർക്കാരിൽ പങ്കാളിത്തം ഉണ്ടാകണമെങ്കിൽ ബി.ജെ.പി ഇത്തവണ അക്കൗണ്ട് തുറക്കണം. കഴിഞ്ഞതവണ ബി.ജെ.പിക്ക് ഒരിടത്തും കെട്ടിവച്ച കാശ് കിട്ടിയില്ല. ഇപ്പോഴങ്ങനെയല്ല. മന്ത്രിയായിരുന്ന എ. നമശിവായം ഉൾപ്പെടെ ഏഴ് കോൺഗ്രസ് സാമാജികരാണ് ബി.ജെ.പിയിൽ എത്തിയത്. ഭരണം കൈയാളിയ കോൺഗ്രസ് - ഡി. എം. കെ സഖ്യത്തിന് ഭൂരിപക്ഷം നഷ്‌ടപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന വി.നാരായണസ്വാമി രാജിവച്ചു. തുടർന്ന് പുതുച്ചേരി രാഷ്‌ട്രപതി ഭരണത്തിലുമായി. 33 അംഗ നിയമസഭയിൽ 30 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. എൻ.ഡി.എ സഖ്യത്തിൽ 16 സീറ്റാണ് എൻ.ആർ. കോൺഗ്രസിന് നൽകിയത്. ഒമ്പതു സീറ്റിൽ ബി.ജെ.പി.യും നാലുസീറ്റിൽ എ.ഡി.എം.കെ.യും ഒരു സീറ്റിൽ പി.എം.കെ.യും. കഴിഞ്ഞതവണ എൻ.ആർ.കോൺഗ്രസിന് ഏഴും എ.ഡി.എം.കെയ്‌ക്ക് നാലും സീറ്റ് ലഭിച്ചിരുന്നു.
എൻ.രംഗസ്വാമി
1991മുതൽ തുടർച്ചയായി ആറ് തവണ എം.എൽ.എ
2001 മുതൽ 2008 വരെ കോൺഗ്രസ് മുഖ്യമന്ത്രി
2011 ഫെബ്രുവരിയിൽ സ്വന്തം പാർട്ടി
അക്കൊല്ലത്തെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ ഭൂരിപക്ഷം, വീണ്ടും മുഖ്യമന്ത്രി.
സുരക്ഷാ അകമ്പടിയില്ലാതെ സൈക്കിളിൽ സഞ്ചാരം
ജനകീയനായതിനാൽ ജൂനിയർ കാമരാജ് എന്ന് വിളിപ്പേര്.
വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ മാറ്റങ്ങൾ നടപ്പാക്കി.
ഒരു ലക്ഷം രൂപയ്ക്ക് ഒരു വീട് പദ്ധതി.
നാല് തവണ ജയിച്ച തട്ടാൻചാവടിക്ക് പുറമേ പുതുച്ചേരിയുടെ ഭാഗമായ ആന്ധ്രാപ്രദേശിലെ യാനം സീറ്റിലും ഇത്തവണ മത്സരിക്കുന്നു.
സഖ്യമെങ്കിലും കലഹം
സീറ്റ് വിഭജനത്തിൽ എൻ.ആർ. കോൺഗ്രസ് ബി.ജെ.പിയുമായി ഉടക്കിയിരുന്നു. ഒരു ഘട്ടത്തിൽ ബി.ജെ.പി ബന്ധം ഉപേക്ഷിക്കാൻ രംഗസ്വാമി തീരുമാനിച്ചപ്പോൾ സ്റ്റാലിൻ ഡി.എം.കെ സഖ്യത്തിലേക്ക് ക്ഷണിച്ചിരുന്നു.
കോൺഗ്രസ് - ഡി.എം.കെ സഖ്യത്തിനും ശക്തമായ പ്രചാരണം കഴിഞ്ഞിട്ടില്ല. മുൻമുഖ്യമന്ത്രിക്ക് ഹൈക്കമാൻഡ് സീറ്റ് നൽകാത്തത് പ്രവർത്തകരെ നിരാശരാക്കി. പ്രചാരണത്തിലും ഇത് പ്രകടമാണ്.
ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. കേന്ദ്രവുമായി സഹകരിക്കുന്ന ഒരു സർക്കാരാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.''
- എൻ.ആർ. രംഗസ്വാമി
പുതുച്ചേരിയിൽ നടന്നത് ജനാധിപത്യത്തിന്റെ കശാപ്പാണ്. ജനങ്ങൾ ബി.ജെ.പിക്ക് മറുപടി നൽകും''
--വി.നാരായണസ്വാമി
കോൺഗ്രസ് മുൻ മുഖ്യമന്ത്രി