കൊയിലാണ്ടി: പ്രചാരണത്തിന്റെ അവസാനഘട്ടത്തിലെത്തിയതോടെ കൊയിലാണ്ടിയിൽ മുന്നണികളിൽ കുതിപ്പും കിതപ്പും പ്രകടം. എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം മത്സരിച്ച് മുന്നേറുമ്പോൾ എൻ.ഡി.എ മുന്നണി ഒപ്പമെത്താൻ കിതയ്ക്കുന്നതായി വിലയിരുത്തപ്പെടുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതോടെ കൊടുങ്കാറ്റിന്റെ വേഗതയിലാണ് പ്രചാരണം മുന്നേറുന്നത്. ജില്ലയിലെ ഏക സ്ത്രീ സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തന നിരതമാണ്. എം.എൽ.എ. കെ. ദാസൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ പി. വിശ്വൻ കൊയിലാണ്ടിയിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നീക്കുന്നത്. സ്ത്രീ സ്ഥാനാർത്ഥിയായതിനാൽ മുസ്ലീം സമുദായത്തിൽ നിന്നുണ്ടാകാനിടയുള്ള അകൽച്ച പരിഹരിക്കാൻ തുടക്കത്തിൽ തന്നെ നേതൃത്വം ജാഗ്രത കാണിച്ചത് വലിയ നേട്ടമുണ്ടാക്കാൻ ഇടയാക്കുമെന്നാണ് പാർട്ടി വിലയിരുന്നുന്നത്.
അടുത്തദിവസം കലാ സാഹിത്യകാരന്മാർ കാനത്തിൽ ജമീലയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് രംഗത്തിറങ്ങുമെന്ന് ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദ് പറഞ്ഞു. തുടക്കത്തിൽ ഇത്തിരി വൈകിയെങ്കിൽ യു.ഡി.എഫ്. ഇപ്പോൾ എൽ.ഡി.എഫിനോടൊപ്പം എത്തിക്കഴിഞ്ഞു. മുസ്ലിം ലീഗ് എൻ. സുബ്രഹ്മണ്യന്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ട്. ജില്ലാ വൈസ് പ്രസിഡന്റ് വി.പി ഇബ്രാഹിം കുട്ടി, റഷീദ് വെങ്ങളം, സമദ് പൂക്കാട്, തുടങ്ങിയ നേതാക്കൾ മുഴുവൻ വോട്ടുകളും പോൾ ചെയ്യിക്കാനുള്ള ശ്രമത്തിലാണ്. ഉമ്മൻ ചാണ്ടിയുടെ വരവ് വലിയ ഊർജ്ജമാണ് പ്രവർത്തകർക്ക് നൽകിയത്. നാലിന് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ നടക്കുന്നതോടെ പ്രചാരണത്തിന്റെ കൊടുമുടിയിൽ എത്തുമെന്നാണ് യു ഡി.എഫ് നേതൃത്വം കണക്ക്കൂട്ടുന്നത്. പ്രചാരണത്തിൽ ഓടിയെത്താൻ കഴിയാതെ കിതപ്പിലാണ് എൻ.ഡി.എ. പ്രചാരണത്തിന് സംസ്ഥാന ദേശീയ നേതൃത്വങ്ങൾ കൊയിലാണ്ടിയിൽ ഇത് വരെയും എത്തിയിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ കത്തിക്കയറിയ ബി.ജെ.പി പലയിടത്തും നിർജ്ജീവമാണ്. പ്രചാരണ വാഹനങ്ങൾ ചീറിപ്പായുമ്പോഴും സ്വീകരണ കേന്ദ്രങ്ങളിൽ കാര്യമായ ജനക്കൂട്ടം കാണുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ സാന്നിദ്ധ്യമറിയിച്ച ബി.ജെ.പിക്ക് പഴയ വോട്ട് കൾ നിലനിർത്താൻ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.