prakash

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് കാലത്ത് ഏതു പ്രസ്ഥാനമായാലും ചുമരെഴുത്തിന് ചെമ്മട്ടംവയലിലെ പ്രകാശൻ തന്നെ വേണം. ആധുനിക ടെക്‌നോളജികൾ എത്തിയിട്ടും ചുമരെഴുത്തുകൾ ഇന്നും പ്രചാരണത്തിൽ മാറ്റമില്ലാതെ തുടരുകയാണ്. കാൽ നൂറ്റാണ്ടിലേറെ കാലമായി ഏതു തിരഞ്ഞെടുപ്പ് വന്നാലും പ്രകാശന്റെ ബ്രഷിന് വിശ്രമമില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ ഇ. ചന്ദ്രശേഖരന് വേണ്ടി ഒന്നിലേറെ ചുമരെഴുത്തുകൾ പൂർത്തിയാക്കി. തുടർന്നാണ് എൻ.ഡി.എ സ്ഥാനാർത്ഥി എം. ബൽരാജിനു വേണ്ടി രംഗത്തിറങ്ങിയത്. സ്ഥാനാർത്ഥിക്ക് വേണ്ടി പത്തോളം ചുമരെഴുത്തുകൾ പൂർത്തിയാക്കി. ഒന്നിലധികം ചുമരെഴുത്തുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. സുരേഷിന് വേണ്ടിയും പൂർത്തിയാക്കി . തുച്ഛമായ വേതനം മാത്രമേ ഉള്ളൂവെങ്കിലും മനസിന് നൽകുന്ന സംതൃപ്തിയാണ് ഈ രംഗത്ത് സജീവമായി നിൽകുന്നതിനു കാരണമെന്ന് പ്രകാശൻ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിലും സ്‌കൂളുകൾ, അംഗൻവാടികൾ, ആശുപത്രി, ഹെൽത്ത് സെന്ററുകൾ എന്നുവേണ്ട എല്ലാ ചുമരുകളിലും പ്രകാശന്റെ ചിത്രങ്ങൾ വിസ്മയമായി കിടപ്പുണ്ട്. കേരളത്തിലും കർണാടകയിലെയും നിരവധി ക്ഷേത്രങ്ങളിൽ ചുമർ ചിത്രങ്ങൾക്കും പ്രകാശൻ ജീവൻ നൽകിയിട്ടുണ്ട്.