തിരുവനന്തപുരം:കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ജില്ലയിലെ കഴക്കൂട്ടം. തുടർച്ചയായ രണ്ടാമൂഴത്തിനിറങ്ങുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനിലൂടെ വിജയം ആവർത്തിക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം.സുരേന്ദ്രനും വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല.അവസാനവട്ട പ്രചാരണത്തിന് നല്ല കൊഴുപ്പുണ്ട്.
കഴക്കൂട്ടം വികസനത്തിന്റെ വഴിയിൽ
കഴക്കൂട്ടത്ത് മത്സരം എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലാണെന്ന ചില നേതാക്കളുടെ പ്രസ്താവന യാഥാർത്ഥ്യമാണെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.15 വർഷം ഇവിടെ എം.എൽ.എ ആയിരുന്ന കോൺഗ്രസ് നേതാവ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.അതേ ട്രെൻഡ് ഇക്കുറിയും തുടരാനാണ് സാദ്ധ്യത.ശോഭാ സുരേന്ദ്രന്റെ 'ഡീൽ' പരാമർശം അവിശ്വസിക്കേണ്ടതില്ല. കോൺഗ്രസുമായി ബി.ജെ.പി ഡീൽ ഉറപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ.എന്ത് ഡീൽ ആണെന്നത് അവർ തന്നെ പറയണം.കഴിഞ്ഞ തവണ നേമത്ത് കണ്ടതും ഇതേ ഒത്തുകളിയാണ്.
കഴക്കൂട്ടം മണ്ഡലം ഇടതുപക്ഷത്തെ വരിച്ചുകഴിഞ്ഞു. പ്രചാരണത്തിന്റെ തുടക്കം മുതൽ ലഭിച്ച പിന്തുണ ഇപ്പോഴും നിലനിറുത്തി കൊണ്ടുപോകാൻ ഇടതുമുന്നണിക്കായി. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ജനങ്ങൾ രണ്ടും കൈയും നീട്ടി സ്വീകരിച്ചതായി ബോദ്ധ്യപ്പെടുന്നു. മണ്ഡലത്തിൽ 2200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. പട്ടയം പോലുള്ള അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞതും മണ്ഡലത്തിലെ ജനങ്ങളെ സ്വാധീനിക്കാനായിട്ടുണ്ട്.
ബി.ജെ.പി ഞങ്ങളെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്നു. അവർ ആക്ഷേപത്തിന്റെ വഴിയിലൂടെ സഞ്ചരിക്കട്ടെ, ഞങ്ങൾ വികസന വഴിയിലും. കഴക്കൂട്ടത്തെ ജനങ്ങൾ ജീവിത അനുഭവങ്ങളിലൂടെ തീരുമാനമെടുക്കട്ടെ. ഇവിടെ വികസനം അവർ നേരിട്ട് അനുഭവിച്ചറിയുന്നു. ആര് ജയിക്കും എന്ന് ഫലം വരുമ്പോൾ അറിയാം. ഇരട്ടവോട്ട് ആരോപണത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ല. അതൊരു നനഞ്ഞ പടക്കമായി കേരളത്തിൽ മാറി. കഴിഞ്ഞ തവണത്തെക്കാൾ വലിയ മാർജിനിൽ വിജയം സുനിശ്ചിതം എന്നും കടകംപള്ളി പറഞ്ഞു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക്
കടകംപള്ളി പ്രദേശത്ത് സി.കെ.കൃഷ്ണൻകുട്ടിയുടെയും ഭഗവതികുട്ടിയുടെയും മകനായി ജനനം. കടകംപള്ളി ശംഭുവട്ടം ലോവർ പ്രൈമറി സ്‌കൂൾ, മാധവപുരം അപ്പർ പ്രൈമറി സ്‌കൂൾ,സെന്റ് ജോസഫ് ഹൈസ്‌കൂൾ, എസ്.എൻ കോളേജ് ചെമ്പഴന്തി,തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. യുവജനപ്രസ്ഥാനത്തിലൂടെയാണ് മുഖ്യധാരാ രാഷ്ട്രീയത്തിലെത്തുന്നത്. 'തൊഴിൽ അല്ലെങ്കിൽ ജയിൽ', വഴിതടയൽ സമരം തുടങ്ങിയ പരിപാടികൾ ശ്രദ്ധേയമായി.പാർട്ടി പേട്ട ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങിയ രാഷ്ട്രീയജീവിതം സംസ്ഥാന കമ്മിറ്റി അംഗത്വത്തിലെത്തിനിൽക്കുന്നു.
1996-ലെ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് 20,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. 2007 മുതൽ 2016 വരെ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്തു നിന്ന് വീണ്ടും ജയിച്ച് സഹകരണ-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രിയായി.സുലേഖയാണ് ഭാര്യ.അരുൺ സുരേന്ദ്രൻ,അനൂപ് സുരേന്ദ്രൻ എന്നിവർ മക്കളും സ്മൃതി ശ്രീകുമാർ, ഗീതു എന്നിവർ മരുമക്കളുമാണ്.