വണ്ണം കൂടിയവർ അത് കുറയ്ക്കാൻ നെട്ടോട്ടം. വണ്ണം കുറഞ്ഞവർ അത് കൂട്ടാനുള്ള തത്രപ്പാടിൽ. പ്രത്യേകിച്ച്, മെലിഞ്ഞിരിക്കുന്നവർ കല്യാണപ്രായമായവർ വണ്ണം കൂട്ടാനായി എന്ത് 'കടുംകൈ' ചെയ്യാനും തയ്യാറാണ്. ജിമ്മിൽ പോകുന്നു, പ്രോട്ടീൻ പൗഡർ കഴിക്കുന്നു, അമിത ഭക്ഷണം കഴിക്കുന്നു, എന്തിനേറെ പറയുന്നു, വണ്ണം കൂടുന്ന പാർശ്വഫലമുള്ള മരുന്ന് വാങ്ങി കഴിച്ചിട്ടാണെങ്കിൽ പോലും തടി ഒന്നു മിനുങ്ങിയാൽ മതി എന്നാണ് പലരും ചിന്തിക്കുന്നത്.
മെലിഞ്ഞിരിക്കുന്നതിന് കാരണം വല്ല അസുഖവുമാണോ എന്ന് അന്വേഷിക്കുന്നതുപോലും ഇത്തരം അവസരങ്ങളിൽ മാത്രമാണ്. അതുവരെ മെലിഞ്ഞിരിക്കാൻ എന്ത് സാഹസവും സഹിക്കാൻ തയ്യാറായിരുന്നവരെയാണ് രക്ഷിതാക്കൾ പിടിച്ചുകെട്ടി വണ്ണം വയ്പ്പിക്കാനെന്ന് പറഞ്ഞ് ഡോക്ടറുടെ മുന്നിൽ ഹാജരാക്കുന്നത്.
വിരരോഗങ്ങൾ, രക്തസ്രാവം കൂടിയുള്ള അവസ്ഥകൾ, തൈറോയ്ഡ്, വെള്ളപോക്ക്, ഹോർമോൺ തകരാറുകൾ, ജന്മനായുള്ള പ്രശ്നങ്ങൾ, ദഹനസംബന്ധമായ കുഴപ്പങ്ങൾ, പാരമ്പര്യം തുടങ്ങിയവയാണ് മെലിഞ്ഞിരിക്കുന്നതിന്റെ പ്രധാനകാരണങ്ങൾ.
പൊണ്ണത്തടിയേക്കാൾ നല്ലത് മെലിഞ്ഞിരിക്കുന്നതാണ്. എന്നാൽ, തീരെ മെലിഞ്ഞിരിക്കുന്നത് ആരോഗ്യകരമല്ല. രോഗങ്ങൾ എളുപ്പത്തിൽ ബാധിക്കുന്നതിന് അത് ഇടയാക്കും. പ്രായമേറുന്തോറും വാത സംബന്ധമായ ബുദ്ധിമുട്ടുകൾ വർദ്ധിക്കുന്നതിന് ഇത് കാരണമാകാം. അത്തരക്കാർക്ക് പ്രയോജനപ്പെടുത്താവുന്ന നിരവധി ഔഷധ യോഗങ്ങൾ ആയുർവേദത്തിൽ നിർദ്ദേശിക്കുന്നുണ്ട്.
സപ്തധാതുക്കൾക്കും പോഷണം നൽകുന്നതിനായി പുരട്ടുന്നതിനും കഴിക്കുന്നതിനുമുള്ള മരുന്നുകളും പഞ്ചകർമ്മ ചികിത്സകളും ഇതര ചികിത്സാ കർമ്മങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്. അല്ലാതെ ഏതെങ്കിലും ഒരു ലേഹ്യം കഴിച്ച് വണ്ണം കൂട്ടിക്കളയാമെന്ന രീതിയിലല്ല ആയുർവേദ ചികിത്സയെ സമീപിക്കാൻ.
നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം, ചെറിയ ചൂടുള്ള പായസം (പ്രത്യേകിച്ചും നെയ്യും മധുരവും ആവശ്യത്തിന് ചേർത്തുണ്ടാക്കിയത്), ഉഴുന്ന്, പാലും പാലുൽപന്നങ്ങളും, കറിവച്ച മാംസം, മധുരമുള്ള പഴങ്ങൾ, പകലുറക്കം, തണുത്ത ആഹാരം, കിഴങ്ങുവർഗ്ഗങ്ങൾ, തൃപ്തിപ്പെടുത്തുന്ന ഭക്ഷണം, നെയ്യും തേങ്ങാപ്പാലും ചേർത്ത് ചെറുചൂടോടെ തയ്യാറാക്കിയ കഞ്ഞി, ഞവരയരി കൊണ്ടുണ്ടാക്കിയ ചോറ് തുടങ്ങിയവയും ശരിയായ വിധത്തിലും സമയത്തുമുള്ള ഉറക്കമുണരൽ, പല്ലുതേയ്പ്പ്, എണ്ണ തേയ്പ്പ്, വ്യായാമം, കുളി, വിശ്രമം എന്നിവയും ശരീരത്തിന് പുഷ്ടി നൽകി മെലിച്ചിലിന് പരിഹാരമുണ്ടാക്കും.
അസമയത്തുള്ള ഭക്ഷണം, അളവില്ലാത്ത ഭക്ഷണം,ദഹനത്തിന് കുഴപ്പമുണ്ടാക്കുന്ന ഭക്ഷണ രീതി, ധൃതി പിടിച്ചോ ടെൻഷനടിച്ചോ കഴിക്കുന്ന ഭക്ഷണം, കൃത്യതയില്ലാത്ത ഭക്ഷണം, അസമയത്തെ ഭക്ഷണം, അമിതവും അൽപ്പവുമായ ഭക്ഷണം, വിരുദ്ധ ഭക്ഷണം എന്നിവ ശരീര പോഷണത്തെ നൽകുന്നവയല്ല.
അസിഡിറ്റി, അൾസർ,ആർശസ്, അനീമിയ അഥവാ വിളർച്ച, പ്രമേഹം, തൈറോയ്ഡ്, പി.സി.ഒ.ഡി, മാനസികരോഗങ്ങൾ,
ബുളീമിയ അഥവാ എത്രമാത്രം കഴിക്കുന്നു എന്ന ബോദ്ധ്യം ഇല്ലാതിരിക്കുക, ഹോർമോൺ തകരാറുകൾ എന്നിവയുള്ളവർ ചികിത്സയ്ക്ക് കൂടി പ്രാധാന്യം നൽകിക്കൊണ്ട് വേണം ശരീരപോഷണം ലഭിക്കുന്നതിനുള്ള ഇടപെടലുകൾ നടത്താൻ.
അലർജി കാരണമുള്ള തുമ്മലും അനുബന്ധപ്രശ്നങ്ങളും, ശ്വാസംമുട്ട് ,ഗർഭാശയ രോഗങ്ങൾ, ത്വക് രോഗങ്ങൾ തുടങ്ങിയവയുള്ളവർ സ്റ്റീറോയ്ഡ് അടങ്ങിയ മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അത് കാരണം വണ്ണം കൂടാനിടയുണ്ട്. ധമനികളിൽ രക്തം കട്ടപിടിക്കാതിരിക്കുന്നതിനായി കഴിക്കുന്ന മരുന്നുകളും വേദനാസംഹാരികളും ആൻറിബയോട്ടിക്കുകളും അസിഡിറ്റിയെ വർദ്ധിപ്പിക്കും. എന്നാൽ, അത് തിരിച്ചറിയാതെ അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രേരണയുണ്ടാകുകയും പിന്നീട് അത് കാരണം വണ്ണം വയ്ക്കുന്നതായും കാണാറുണ്ട്. ഇവ രണ്ടും ശരീരത്തിന് ശരിയായി ലഭിക്കുന്ന പോഷണമല്ല. മറിച്ച് അമിതവണ്ണമുണ്ടാക്കുന്ന രീതിയിലുള്ള മരുന്നുകളുടെയും രോഗാവസ്ഥകളുടെയും പാർശ്വഫലങ്ങളാണ്. അതിനാൽ, സ്വയം ചികിത്സ ഒഴിവാക്കി, ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ വണ്ണം കൂട്ടാൻ ശ്രമിക്കരുത്.