പ്രതിരോധ പ്രവർത്തനങ്ങളെ ഒരിക്കൽക്കൂടി വെല്ലുവിളിച്ചുകൊണ്ടാണ് രാജ്യത്ത് കൊവിഡിന്റെ രണ്ടാം വരവ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച മാത്രം പുതിയ കൊവിഡ് കേസുകൾ 72330 ആയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 459 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. പടിപടിയായി കേരളത്തിലും പുതിയ രോഗികളുടെ എണ്ണം കുറഞ്ഞുവരികയായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങളായി ഇവിടെയും കൂടുതൽ പേർ രോഗബാധിതരാകുന്നു. മൂന്നിൽ താഴെ എത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയരുകയാണ്. വ്യാഴാഴ്ച അത് 5.15 ശതമാനമാണ്. 2798 പുതിയ കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗവ്യാപനം അധികരിച്ച എട്ടു സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നു. ഏപ്രിൽ ആറിന് നിയമസഭാ വോട്ടെടുപ്പു കഴിയുന്നതോടെ ഇവിടെ രോഗികൾ വൻതോതിൽ ഉണ്ടായേക്കുമെന്ന ആശങ്ക അധികൃതർക്കുണ്ട്. ഏതു നിലയിലും കൂടുതൽ ജാഗ്രതയും കരുതലും ആദ്യഘട്ടത്തെപ്പോലെ പിന്തുടരുക തന്നെ വേണമെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നതാണ് ഈ കണക്കുകൾ.
രണ്ടാം വരവിൽ കൊവിഡ് വൈറസ് കൂടുതൽ വ്യാപനശേഷി കൈവരിച്ചിട്ടുണ്ടെന്നാണ് ഇതുസംബന്ധിച്ച പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് മാരക സ്വഭാവം അത്ര രൂക്ഷമല്ലെന്ന സമാധാനമുണ്ട്. എന്നാൽ വ്യാപനശേഷി കൂടുതലായതിനാൽ രോഗികളുടെ സംഖ്യ അതിവേഗം വീണ്ടും ഉയർന്നേക്കാം. മരണനിരക്കും ഉയർന്നേക്കാം. നിയന്ത്രണങ്ങൾ പൂർണമായി ഇല്ലാതായതോടെ സുരക്ഷാ മുൻകരുതലുകൾ പലരും ഉപേക്ഷിച്ച മട്ടാണ്. കൊവിഡിനു മുൻപുള്ള കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് രാജ്യത്തെവിടെയും ഇന്നു കാണുന്ന തിരക്കേറിയ ജനജീവിതം. ജനങ്ങൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ വീണ്ടും ലോക്ക് ഡൗണിലേക്കു പോകേണ്ടിവരുമെന്ന് രോഗവ്യാപനം ഏറ്റവും ഉയർന്ന തോതിൽ നിൽക്കുന്ന മഹാരാഷ്ട്ര മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. കർണാടക, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളും പല നിയന്ത്രണങ്ങളും കടുപ്പിച്ചുകഴിഞ്ഞു. ഏപ്രിൽ രാജ്യത്തെ സംബന്ധിച്ചിടത്തോളം നിർണായകമാകുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
വാക്സിനേഷന്റെ രണ്ടാംഘട്ടം കഴിഞ്ഞ ദിവസം തുടങ്ങിയത് ആശ്വാസമായി കാണാമെങ്കിലും 45-ൽ താഴെയുള്ള വലിയ വിഭാഗം ജനങ്ങൾ ഇപ്പോഴും പ്രതിരോധ വലയത്തിനു പുറത്തു തന്നെയാണ്. മുതിർന്ന ആളുകൾക്കൊപ്പം ഈ വിഭാഗക്കാർക്കുകൂടി കുത്തിവയ്‌പ് എടുക്കുന്ന കാര്യത്തെക്കുറിച്ചാണ് അടിയന്തരമായി ഇനി ചിന്തിക്കേണ്ടത്. 18 നു മുകളിലുള്ള യുവ വിഭാഗങ്ങൾക്കും വാക്സിൻ നൽകാൻ വികസിത രാജ്യങ്ങൾ നടപടി എടുത്തുവരികയാണ്. പാർശ്വഫലങ്ങളെക്കുറിച്ചു ഭയപ്പാടു വേണ്ടെന്നു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. ഇവിടെയും ആ വഴിക്കു ചിന്തിക്കേണ്ടിയിരിക്കുന്നു. 18-നും 45-നുമിടയ്ക്കുള്ള പ്രായക്കാർ ഏറ്റവും കൂടുതൽ സഞ്ചരിക്കുന്നവരാകയാൽ അവർക്കു വാക്സിൻ നൽകുന്നത് രോഗവ്യാപന സാദ്ധ്യത ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. 45-നു മുകളിലുള്ള എല്ലാവരുടെയും കുത്തിവയ്പ് ഈ മാസം തന്നെ പൂർത്തിയാക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി രാജ്യത്തെ മുഴുവൻ കുത്തിവയ്പു കേന്ദ്രങ്ങളും എല്ലാ ദിവസവും തുറന്നു പ്രവർത്തിപ്പിക്കണമെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതൽ കേന്ദ്രങ്ങൾ തുറന്നും സഞ്ചരിക്കുന്ന കുത്തിവയ്പു സംവിധാനങ്ങൾ ഏർപ്പെടുത്തിയും വാക്സിൻ യജ്ഞത്തിന് വേഗത വർദ്ധിപ്പിക്കാവുന്നതാണ്. കേന്ദ്രീകൃതമല്ലാത്ത നിലയിലും കുത്തിവയ്പിനു സൗകര്യമൊരുക്കാൻ കഴിയും. ഇരുപത്തഞ്ചോ അൻപതോ പേർ ഒന്നിച്ചുണ്ടായാൽ അവിടെയെത്തി കുത്തിവയ്പ് നടത്താനുള്ള ഏർപ്പാടു ചെയ്യാവുന്നതാണ്. നാട്ടിലായാലും പട്ടണത്തിലായാലും ഇത് എളുപ്പം ചെയ്യാവുന്നതേയുള്ളൂ.
മറ്റൊരു കാര്യം കുട്ടികളുടേതാണ്. ഇതിനകം നടന്ന പരീക്ഷണങ്ങളിൽ കുട്ടികൾക്ക് അപകടമില്ലാത്ത വാക്സിൻ ഗവേഷണ വിജയത്തെക്കുറിച്ച് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണ്. പത്തിനും പതിനഞ്ചിനുമിടയ്ക്കു പ്രായമുള്ളവരിൽ അമേരിക്കയിൽ കുത്തിവയ്പു പരീക്ഷണം നടന്നു. വിജയമാണെന്നാണു കണ്ടെത്തൽ. ഫൈസർ കമ്പനി വികസിപ്പിച്ച വാക്സിനാണ് കുട്ടികളിൽ പരീക്ഷിച്ചത്. നൂറുശതമാനവും ഫലപ്രദമാണെന്നാണ് അവകാശവാദം.
രാജ്യത്ത് കഴിഞ്ഞ അദ്ധ്യയന വർഷം കുട്ടികൾ ഒന്നടങ്കം ഓർക്കാൻ ആഗ്രഹിക്കാത്ത വർഷമാണ്. മുതിർന്ന ക്ളാസുകൾ മാത്രമാണ് അവസാന നാളുകളിൽ പേരിനു മാത്രമെങ്കിലും പ്രവർത്തിച്ചത്. അടുത്ത അദ്ധ്യയന വർഷമെങ്കിലും കുട്ടികളെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും എത്തിക്കണമെങ്കിൽ ഇപ്പോഴേ അതിനുള്ള മാർഗങ്ങളെക്കുറിച്ച് ആലോചന തുടങ്ങണം. രോഗവ്യാപനത്തോത് ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ സ്കൂളുകളും കലാലയങ്ങളും തുറക്കാൻ കഴിയാത്ത അവസ്ഥ തുടരും. പ്രതിരോധ വാക്സിൻ വികസിപ്പിച്ച സ്ഥിതിക്ക് അത് സാർവത്രികമായി ഉപയോഗപ്പെടുത്താനുള്ള ശ്രമമാണു വേണ്ടത്. ജനങ്ങളിൽ മുഴുവൻ പേർക്കും കുത്തിവയ്പ് വേണ്ടിവരികയില്ലെന്നാണു വിദഗ്ദ്ധ മതം. എന്നാൽ, വീടുവിട്ട് സ്ഥിരമായി പുറത്തു പോകുന്നവർക്കെല്ലാം കുത്തിവയ്പ് ഒഴിവാക്കാനാകില്ല. മാസങ്ങൾ കൊണ്ടേ ഇതു പൂർത്തിയാക്കാനാകൂ എന്ന് വ്യക്തം. രാജ്യത്ത് ഇതിനകം ആറരക്കോടി ആളുകൾക്കേ പ്രതിരോധ കുത്തിവയ്പ് നടത്താനായുള്ളൂ. ഇപ്പോഴത്തേതിന്റെ അനവധി ഇരട്ടി വേഗത്തിലാക്കിയാലേ ഉദ്ദേശിച്ച ഫലപ്രാപ്തി കൈവരിക്കാനാകൂ എന്നു ചുരുക്കം.
ആവശ്യത്തിനു വാക്സിനും കുത്തിവയ്പു നൽകാനുള്ള ഭൗതിക സാഹചര്യങ്ങളും ഉള്ള നിലയ്ക്ക് കുത്തിവയ്പു യജ്ഞത്തിന് എക്സ്‌പ്രസ് വേഗം വരുത്താവുന്നതേയുള്ളൂ. അതിനുള്ള ഒരുക്കങ്ങൾ നടത്താൻ ഒട്ടും അമാന്തം കാട്ടരുത്. ഇതോടൊപ്പം തന്നെ ജനങ്ങളും ഇത്തരമൊരു ദുരിതാവസ്ഥയിൽ തങ്ങൾ പാലിക്കേണ്ട കടമകളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. ലാഘവത്തോടുകൂടിയ സമീപനം എത്രമാത്രം അപകടകരമാകുമെന്നു തിരിച്ചറിയണം. വിദ്യാലയങ്ങളിൽ പോകാൻ കഴിയാതെ ഒരുവർഷമായി വീടുകളിൽ അടച്ചിരിക്കേണ്ടിവന്ന കുട്ടികളുടെ ഭാവിയെക്കുറിച്ച് ഓർക്കണം. രോഗവ്യാപനം ഇനിയും രൂക്ഷമായാൽ അതു സൃഷ്ടിക്കാനിടയുള്ള സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് ഓർക്കണം. ഇതിനൊന്നും തയ്യാറല്ലെങ്കിൽ അപകടത്തെ സ്വയം ക്ഷണിച്ചുവരുത്തുകയാവും ചെയ്യുക.