ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രശസ്തയായ ഗായിക ശ്രേയ ഘോഷാൽ ഗർഭിണിയാണെന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്ന് കുറച്ചാണ് ദിവസങ്ങൾക്ക് മുൻപ് ഗായിക ഈ സന്തോഷ വർത്തമാനം പങ്കുവച്ചത്. "കുഞ്ഞ് യാത്രയിലാണ്.." എന്നാണ് അന്ന് താരം പങ്കുവച്ചിരുന്ന ചിത്രത്തിനു നൽകിയിരുന്ന ക്യാപ്ഷൻ. ഇപ്പോൾ വീണ്ടും നിറവയറുമായി നിൽക്കുന്ന ഫോട്ടോകൾ ശ്രേയ പങ്കുവച്ചിരിക്കുകയാണ്. "ജീവിതത്തിലെ എറ്റവും മനോഹരമായ ഘട്ടമാണ് അനുഭവിക്കുന്നത്..." എന്ന ക്യാപ്ഷനിലാണ് പുതിയ ചിത്രങ്ങൾ ശ്രേയ പങ്കുവച്ചിരിക്കുന്നത്. ഒപ്പം ദൈവത്തിന്റെ ദിവ്യാത്ഭുതമാണ് ഇതെന്നും ഗായിക പറയുന്നു. പങ്കുവച്ചിരുന്ന ചിത്രങ്ങളെല്ലാം ഭർത്താവ് തന്നെയാണ് പകർത്തിയതെന്നും താരം വലിയ സന്തോഷത്തോടെയും അഭിമാനത്തോടെയും പറയുന്നുണ്ട്.
2015ലാണ് ശ്രേയയും ശൈലാദിത്യ മുഖപാദ്ധ്യായയും വിവാഹിതരായത്. ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി ഭാഷകളിലെല്ലാം ശ്രേയയുടെ പാട്ടുകൾ ഹിറ്റാണ്.
ഇന്ത്യയിലെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡും മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്കാരവും നാലു തവണ നേടാൻ കഴിഞ്ഞത് വലിയ നേട്ടമായി. സിനിമകൾക്ക് പുറമെ ആൽബങ്ങളിലും പാടിയിട്ടുള്ള ശ്രേയയുടെ പാട്ടുകൾ ശ്രദ്ധേയമാണ്. ഏത് ഭാഷയിലാണെങ്കിലും ഉച്ചാരണത്തിന് നൽകുന്ന അതീവ ശ്രദ്ധ കാരണമാണ് പാടുന്ന പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടതും ആ പാട്ടുകൾ എന്നും ശ്രോതാക്കൾ നെഞ്ചിലേറ്റുന്നതും.