kseb

തിരുവനന്തപുരം: ഇടതുമുന്നണി നയങ്ങൾക്ക് വിരുദ്ധമായി കുത്തകക്കമ്പനിയായ അദാനിഗ്രൂപ്പിൽ നിന്ന് വൈദ്യുതി വാങ്ങിയെന്ന ആരോപണം കെ.എസ്.ഇ.ബി വാർത്താക്കുറിപ്പിൽ നിഷേധിച്ചു.

കേന്ദ്ര,സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകൾ നിശ്ചയിക്കുന്ന തോതിൽ കാറ്റ്, ചെറുകിട ജലവൈദ്യുതി, തിരമാല, സോളാർ, തുടങ്ങിയവയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ചാണ് കേന്ദ്ര ഗവ. സ്ഥാപനമായ സോളാർ പവർ കോർപറേഷനുമായി 2019 ജൂണിൽ 200 മെഗാവാട്ടും ,2019 സെപ്തംബറിൽ 100 മെഗാവാട്ടും കാറ്റിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ വച്ചത്. ഇപ്രകാരം അദാനി വിൻഡ് എനർജിയിൽ നിന്ന് 75 മെഗാവാട്ട് ലഭ്യമാക്കാൻ ധാരണയായിട്ടുണ്ട്. ഇതിൽ 25 മെഗാവാട്ട് 2021 മാർച്ച് മുതൽ ലഭ്യമായി.

സുതാര്യമായ നടപടിക്രമങ്ങൾ പാലിച്ച് ദേശീയാടിസ്ഥാനത്തിൽ ടെൻഡർ ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. ഇതല്ലാതെ അദാനി ഗ്രീൻ എനർജിയുമായി യാതൊരു കരാറിലും ഏർപ്പെട്ടിട്ടില്ല. കരാർ പ്രകാരം കാറ്റാടി വൈദ്യുതിയുടെ പരമാവധി നിരക്ക് യൂണിറ്റിന് 2.83 രൂപയും 2.80 രൂപയും വീതമാണ്. ഇത് കഴിഞ്ഞ 10 വർഷത്തിനിടെ കെ.എസ്.ഇ.ബി ഏർപ്പെട്ട കരാറുകളിലെ ഏറ്റവും കുറഞ്ഞ വൈദ്യുതി നിരക്കാണ്.സോളാർ നിലയം സ്ഥാപിച്ച് 2023ഓടെ രാജസ്ഥാൻ സർക്കാരിൽ നിന്ന് യൂണിറ്റിന് 1.99രൂപ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിന് ടെണ്ടർ ലഭിച്ചിട്ടുണ്ട്. ഭൂമിയുടെ വിലയടക്കമുള്ള ചെലവുകൾ കൂടി കണക്കാക്കിയാലേ ഒരു യൂണിറ്റിന് എത്ര നിരക്ക് വരുമെന്ന് തിട്ടപ്പെടുത്താനാവൂ. കേരളത്തിൽ ഒരു യൂണിറ്റ് സോളാർ വൈദ്യുതിക്ക് നിലവിൽ മൂന്നു രൂപയിലേറെയുണ്ട് . കമ്പോളത്തിൽ യൂണിറ്റിന് 1.99 രൂപ നിരക്കിൽ സോളാർ വൈദ്യുതി ലഭ്യമാണെന്നത് വസ്തുതയല്ലെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.