wind-mill

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും അദാനിക്ക് നൽകിയതിനെ എതിർത്ത ഇടതുമുന്നണി സർക്കാർ അദാനിയിൽ നിന്ന് കേരളത്തിലേക്ക് വൻ വിലകൊടുത്ത് കാറ്റാടി വൈദ്യുതി വാങ്ങിയെന്ന ആരോപണം, വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ പ്രതിപക്ഷത്തിന് പുതിയ ആയുധമായി.

പാരമ്പര്യേതര വൈദ്യുതി വാങ്ങണമെന്ന കേന്ദ്രവൈദ്യുതി നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാനാണ് കാറ്റാടി വൈദ്യുതി യൂണിറ്റിന് 2.83 രൂപ നിരക്കിൽ വാങ്ങിയതെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. എന്നാൽ സെനാട്രിസ്, സ്ട്രിംഗ് തുടങ്ങി ചെറുതും വലുതുമായ നിരവധി കാറ്റാടി വൈദ്യുതിസ്ഥാപനങ്ങൾ സ്വകാര്യ, പൊതുമേഖലകളിലുള്ളപ്പോൾ എന്തിന് അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങിയെന്നാണ് ചോദ്യം. അദാനി ഗ്രീൻ എനർജിയുമായി 2019 ജൂണിലും സെപ്തംബറിലും കേന്ദ്രസ്ഥാപനമായ സോളാർ എനർജി കോർപറേഷൻ മുഖാന്തരമാണ് കരാറൊപ്പിട്ടത്. 25 വർഷ കരാറനുസരിച്ച്, ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും വൈദ്യുതി നിശ്ചിത വിലയ്ക്ക് വാങ്ങേണ്ടിവരും.

കേരളം പോലുള്ള സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനം വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് അദാനിയുടെ കമ്പനിയുടെ ഒാഹരിമൂല്യം ഉയർത്തിയെന്നും ആരോപണമുണ്ട്. റിന്യൂവബിൾ എനർജി ഒബ്ളിഗേഷൻ വ്യവസ്ഥയനുസരിച്ച് കേരളം 300 മെഗാവാട്ട് കാറ്റാടി വൈദ്യുതി വാങ്ങേണ്ടതുണ്ട്. കേന്ദ്ര ഏജൻസി ഇടനില നിന്നാലും ആരിൽ നിന്ന് വാങ്ങണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനമാണ്. അത്തരം ജാഗ്രതയുണ്ടായില്ലെന്ന ആക്ഷേപം സർക്കാരിനുള്ളിലുമുണ്ട്.

'കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതി ചെറുകിട ജലവൈദ്യുത പദ്ധതികളിലും സോളാർ മേഖലയിലും ഉണ്ടായിട്ടും എന്തിന് കൂടിയ വിലയ്ക്ക് അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയെന്ന ചോദ്യത്തിന് സി.പി.എമ്മും ബി.ജെ.പി.യും മറുപടി പറയണം".

-രമേശ് ചെന്നിത്തല,

പ്രതിപക്ഷ നേതാവ്

'അദാനിയുടെ ഒരു കമ്പനിയുമായും കെ.എസ്.ഇ.ബിയോ സർക്കാരോ കരാറുണ്ടാക്കിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ പാരമ്പര്യേതര ഊർജ സ്ഥാപനം നൽകുന്ന വൈദ്യുതിയേ വാങ്ങുന്നുള്ളൂ. മറ്റൊരു കരാറുമില്ല".

-എം.എം.മണി, വൈദ്യുതി മന്ത്രി