തിരുവനന്തപുരം:തലസ്ഥാന ജില്ലയിൽ കരുത്തുറ്റ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്. ഒരു നിമിഷം പോലും പാഴാക്കാതെ അത്യദ്ധ്വാനം ചെയ്യുകയാണ് പ്രധാനപ്പെട്ട മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികളും പ്രവർത്തകരും. മണ്ഡലത്തിലെത്തിയാൽ അനൗൺസ്‌മെന്റ് വാഹനങ്ങളിൽ നിന്നുള്ള ശബ്ദകോലാഹലമല്ലാതെ മറ്റൊന്നും കേൾക്കാനില്ല.
സ്ഥാനാർത്ഥി നിർണയത്തിൽ തെല്ലും ആശങ്കയില്ലാതിരുന്നതിനാൽ ഇടതുമുന്നണി തുടക്കം മുതൽ ചിട്ടപ്രകാരമുള്ള പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങി.ബി.ജെ.പിക്ക് ജില്ലയിൽ ഏറെ ജനസ്വാധീനമുള്ള നേതാവിനെ ഇറക്കിയത് എൻ.ഡി.എയ്ക്കും കാര്യങ്ങൾ കുറെ സുഗമമാക്കി.സ്ഥാനാർത്ഥി നിർണയത്തിൽ നേരിയ കാലവിളംബരം വന്നത് തുടക്കത്തിലെ മേൽക്കൈ യു.ഡി.എഫിന് നഷ്ടമാക്കിയെങ്കിലും അത് നികത്തും വിധമായിരുന്നു അവരുടെ പിന്നീടുള്ള പ്രവർത്തനം.
ഇടത് സ്ഥാനാർത്ഥി മണ്ഡലപര്യടനം നേരത്തേ പൂർത്തിയാക്കി.കുടുംബയോഗങ്ങളും ഭവന സന്ദർശനവും രണ്ട് റൗണ്ട് പൂർത്തിയാവുന്നു. പുറമെ ഓളമുണ്ടാക്കുന്നതിനൊപ്പം അടിത്തട്ടിൽ ഇറങ്ങിയുള്ള പ്രവർത്തനവും ഒരുപോലെ കൊണ്ടുപോകാൻ അവർക്ക് കഴിയുന്നുണ്ട്. ദിവസം മുഴുവൻ ഊർജ്ജസ്വലയായി ഓടിനടന്ന് പ്രവർത്തിക്കാനുള്ള മികവാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്ളസ് പോയിന്റ്.ന ല്ലൊരു വിഭാഗം യുവജനപ്രവർത്തകരും അവർക്കൊപ്പം സജീവമായുണ്ട്. പര്യടനത്തിനൊപ്പം തന്നെ പ്രധാന കേന്ദ്രങ്ങളിൽ സമ്മതിദായകരുമായി നേരിൽ സംവദിക്കാനുള്ള സമയവും സ്ഥാനാർത്ഥി കണ്ടെത്തുന്നു.
പുറമെയുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ വലിയ ഓളമാണ് എൻ.ഡി.എയുടേത്.ചുവരെഴുത്തും കൊടിതോരണങ്ങളും പോസ്റ്ററുകളും ഒരു പഞ്ഞവുമില്ലാതെയുണ്ട്. സ്ളിപ്പ് വിതരണമടക്കം വീടുവീടാന്തരം കയറിയിറങ്ങിയുള്ള സ്ക്വാഡുവർക്കാണ് അവർ നടത്തുന്നത്.ത്രികോണ പോരിന്റെ എല്ലാ ശൗര്യവും മണ്ഡലത്തിൽ കാണാം.
മണ്ഡലത്തിലെ സാന്നിദ്ധ്യം ഗുണമാവും: വി.കെ.പ്രശാന്ത്
രണ്ട് വർഷത്തെ മണ്ഡലത്തിലെ സജീവ സാന്നിദ്ധ്യമാവും ഏറെ ഗുണം ചെയ്യുകയെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് പറയുന്നു. മണ്ഡലത്തിലെ ജനങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ഒപ്പം നിന്നിട്ടുണ്ട്. അത് ജനങ്ങൾക്ക് നല്ല ബോദ്ധ്യവുമുണ്ട്. അതിനാൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല.റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനായതാണ് മറ്റൊരു പ്രധാന കാര്യം. പൊട്ടിപ്പൊളിഞ്ഞു കിടന്ന എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കി.1000 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടത്തിയത്. പലഭാഗങ്ങളിലുമുണ്ടായിരുന്ന കടുത്ത കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ കഴിഞ്ഞതും വലിയ നേട്ടമാണ്.
പുതിയ പദ്ധതികളില്ല: വീണ എസ്. നായർ
മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങൾ നടക്കാത്തതാണ് പ്രധാന പ്രചാരണ വിഷയമായി ഉന്നയിക്കുന്നത്. കെ.മുരളീധരൻ പോയ ശേഷം ഒരു പ്രവർത്തനവും വട്ടിയൂർക്കാവിൽ നടന്നിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ്. നായർ പറയുന്നു. അദ്ദേഹം തുടങ്ങിവച്ച പദ്ധതികൾ പൂർത്തിയാക്കാനുള്ള യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. മാത്രമല്ല പുതിയ ഒരു വികസന പദ്ധതിക്കും തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടില്ല. ശബരിമലവിഷയവും പ്രചാരണരംഗത്ത് ശക്തമായി ഉന്നയിക്കുന്നുണ്ട്. വിശ്വാസികളുടെ താത്പര്യങ്ങൾക്ക് ഒരു പരിഗണനയും നൽകാത്ത സർക്കാരാണ് ഭരിക്കുന്നത്. ഇടത് ഭരണം തുടർന്നാൽ ആചാര സംരക്ഷണത്തിന് സഹായകമായ ഒരു നിലപാടും ഉണ്ടാവില്ല.
ഇനിയും ഏറെ വികസന സാദ്ധ്യതകൾ:വി.വി.രാജേഷ്
മണ്ഡലത്തിൽ ഇപ്പോഴും ശേഷിക്കുന്ന വികസന സാദ്ധ്യതകളാണ് പ്രചാരണത്തിലെ മുഖ്യവിഷയം. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം പ്രധാനമെന്ന് ബി.ജെ.പി സ്ഥാനാർത്ഥി വി.വി.രാജേഷ് പറയുന്നു. നിരവധി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനുള്ള എല്ലാ സാഹചര്യവും ഇവിടെയുണ്ട്. അതെല്ലാം പ്രയോജനപ്പെടുത്തണം. വി.എസ്.എസ്.സിയുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നത് ഇവിടെയാണ്. കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്തി അവിടത്തെ സാദ്ധ്യതകൾ വർദ്ധിപ്പിക്കാനാവും. കാര്യമായ വികസന പ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടില്ല. രണ്ട് മുന്നണികൾക്കും അതിൽ ഉത്തരവാദിത്വമുണ്ട്. പുറമെ പൊതു രാഷ്ട്രീയ കാര്യങ്ങളും പ്രചാരണത്തിനുപയോഗിക്കുന്നുണ്ട്.