തിരുവനന്തപുരം: സോഫ്റ്റ്വെയറിലെ തകരാർ മൂലം ഇന്നലെ ഉച്ചവരെ സംസ്ഥാനത്തെ വിവിധ ട്രഷറികളിൽ ഇടപാടുകൾ മുടങ്ങിയതിനാൽ പെൻഷൻ വാങ്ങാനെത്തിയ നൂറുകണക്കിനു പേർ വെറുംകൈയോടെ മടങ്ങി. ഉച്ചയ്ക്ക് ശേഷമാണ് കുറച്ചു പേർക്ക് പെൻഷൻ കിട്ടിയത്. തിരഞ്ഞെടുപ്പിന് മുമ്പ് ശമ്പളവും പെൻഷനും കിട്ടാനുള്ള ക്രമീകരണത്തിന്റെ ഭാഗമായി ഇന്നലെയും നാളെയും ട്രഷറികൾക്ക് പ്രവൃത്തി ദിനമായി പ്രഖ്യാപിച്ചിരുന്നു.
ട്രഷറി ഇടപാടുകളിലുണ്ടായ വർദ്ധന കൊണ്ടാണ് സിസ്റ്രത്തിന്റെ പ്രവർത്തനം നിലച്ചതെന്ന് അധികൃതർ വിശദീകരിക്കുന്നു. എന്നാൽ, ജീവനക്കാർ ഇതു വിശ്വസിക്കുന്നില്ല. ഏറ്രവും അധികം ഇടപാടുകൾ നടന്ന മാർച്ച് 31ന് നന്നായി പ്രവർത്തിച്ച സോഫ്റ്ര്വെയർ അധികം ഇടപാടുകൾ നടക്കാത്ത ഇന്നലെ പ്രവർത്തനരഹിതമായതെങ്ങനെയെന്ന് അവർ ചോദിക്കുന്നു. നിരന്തരമായി സോഫ്റ്റ് വെയർ തകരാറുണ്ടാവുന്നത് സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താൻ നടത്തുന്ന ഗൂഢാലോചനയാണെന്ന സംശയം ഭരണപക്ഷ സംഘടനയിൽപ്പെട്ട ജീവനക്കാർ പ്രകടിപ്പിച്ചു.