വിവാഹ വാർത്ത നിഷേധിച്ച് അനു ഇമ്മാനുവേൽ
എല്ലാം കുപ്രചാരണങ്ങളാണ്. വിവാഹത്തെക്കുറിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ വാർത്ത വന്നതായി അറിഞ്ഞു. എന്നാൽ അത് എന്റെ വിവാഹമല്ല. വാർത്ത തെറ്റാണെന്ന് നടി അനു ഇമ്മാനുവേൽ. തെലുങ്ക് നിർമ്മാതാവിന്റെ മകനുമായി അനുവിന്റെ വിവാഹം ഉടൻ നടക്കുമെന്നായിരുന്നു സമൂഹ മാദ്ധ്യമങ്ങളിൽ വന്ന വാർത്ത. എന്നാൽ വാർത്തയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഹൈദരാബാദിലാണ് അനു ഇമ്മാനുവേൽ താമസിക്കുന്നത്. സ്വപ്നസഞ്ചാരി സിനിമയിൽ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ച അനു ആക്‌ഷൻ ഹീറോ ബിജുവിൽ നിവിൻപോളിയുടെ നായികയായി എത്തി. ഇതിനുശേഷം മലയാളത്തിൽ അനു അഭിനയിച്ചിട്ടില്ല.
തുടർന്ന് തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. തെലുങ്കിൽ ഗോപിചന്ദിന്റെയും പവൻ കല്യാണിന്റെയും അല്ലു അർജുന്റെയും വിജയ് ദേവരകൊണ്ടയുടെയും നാഗചൈതന്യയുടെയും സിനിമകളിൽ നായികയായി അഭിനയിച്ചു. തമിഴിൽ തുപ്പരിവാലൻ, നമ്മവീട്ടു പിള്ളൈ എന്നിവയാണ് ചിത്രങ്ങൾ. വിശാലിന്റെയും ശിവകാർത്തികേയന്റെയും നായികയായി അഭിനയിച്ച ഈ ചിത്രങ്ങൾ വലിയ വിജയം നേടി. തമിഴിലും തെലുങ്കിലുമായി മഹാസമുദ്രം എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ് അനു.