sandeep-nair

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് പൂജപ്പുര സെൻട്രൽ ജയിലിൽ അഞ്ചുമണിക്കൂർ ചോദ്യം ചെയ്തു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാൻ ഇ.ഡി നിർബന്ധിച്ചുവെന്ന് സന്ദീപ് മൊഴി നൽകി. ഇ.ഡിക്കെതിരായ കേസിലാണ് സന്ദീപിൻെറ മൊഴി.

മുഖ്യമന്ത്രി, സ്പീക്കർ, മന്ത്രി കെ.ടി. ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ നിർബന്ധിച്ചുവെന്നും കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോൾ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നും മൊഴി നൽകി. സന്ദീപിൻെറ മൊഴി ക്രൈംബ്രാഞ്ച് വീഡിയോയിൽ പകർത്തി.

കസ്റ്റഡിയിലുള്ളപ്പോൾ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന് സന്ദീപ് നായർ ജില്ലാ ജഡ്ജിക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിൻെറ അടിസ്ഥാനത്തിൽ ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. എറണാകുളം സെഷൻസ് കോടതിയുടെ അനുമതിയോടെയാണ് സന്ദീപിനെ ക്രൈംബ്രാഞ്ച് ഡിവൈ. എസ്. പി ബൈജു പൗലോസിൻെറ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്.

അതേസമയം, തങ്ങൾ അറിയാതെയാണ് ക്രൈം ബ്രാഞ്ച് സന്ദീപ് നായരെ ചോദ്യം ചെയ്തതെന്ന് ഇ ഡി ആരോപിച്ചു.

കോടതിയിൽ നൽകിയ അപേക്ഷയുടെ പകർപ്പ് തങ്ങൾക്ക് നൽകിയില്ലെന്നും തങ്ങളുടെ വിശദീകരണം കേൾക്കാതെയാണ് ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയതെന്നും കോടതിയെ ക്രൈംബ്രാഞ്ച് കബളിപ്പിച്ചുവെന്നുമാണ് ഇ.ഡിയുടെ വാദം. ക്രൈംബ്രാഞ്ച് നടപടി സംശയാസ്പദമാണെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ ആരോപിച്ചു.