kunjan

തിരുവനന്തപുരം: ഒരു കവിയുടെ മുഖമുദ്ര ധീരതയും ശക്തമായ നിലപാടുകളുമാണെങ്കിൽ ആ കവി കുഞ്ചൻനമ്പ്യാരാണെന്ന് കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ പറഞ്ഞു. കുഞ്ചൻനമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ 2020 ലെ മഹാകവി കുഞ്ചൻനമ്പ്യാർ അവാർഡ് പ്രഭാവർമ്മയ്ക്ക് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. കവികളുടെ ഗുരുവാണ് കുഞ്ചൻ നമ്പ്യാർ. അധികാരത്തിനെതിരെ പ്രതികരിക്കുക എന്നതാണ് എക്കാലവും ഒരു കവി നേരിടുന്ന പ്രതിസന്ധി. കുഞ്ചൻ നമ്പ്യാർ രാജകൊട്ടാരത്തിൽ കഴിയുമ്പോഴും വിമർശനങ്ങൾ കൃത്യമായി ഉന്നയിച്ചു. നിലപാടുകളെ നർമ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കാൻ അദ്ദേഹം നിപുണനായിരുന്നെന്നും കെ.ജയകുമാർ പറഞ്ഞു.

സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് കവിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ്മയ്ക്ക് കെ.ജയകുമാർ നൽകി. മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ കവി കുഞ്ചൻ നമ്പ്യാരാണെന്ന് പ്രഭാവർമ പറഞ്ഞു. ചിന്താവിഷ്ടയായ സീതയെ മുൻനിറുത്തി കുമാരനാശാനെയാണ് ആദ്യത്തെ സ്ത്രീപക്ഷ കവിയായി വിശേഷിപ്പിക്കാറുള്ളത്. അതിൽ തെറ്റില്ലെങ്കിൽ കൂടിയും അതിനും എത്രയോ കാലം മുൻപേ കുഞ്ചൻനമ്പ്യാർ സ്ത്രീപക്ഷത്തുചേർന്നുനിന്നുകൊണ്ട് എഴുതിയിരുന്നെന്നും പ്രഭാവർമ്മ പറഞ്ഞു.

പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ കവിയും കേരളകൗമുദി ന്യൂസ് എഡിറ്ററുമായ ഡോ. ഇന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ഭൂമിമലയാളത്തിൽ മാത്രമല്ല ഭൂസ്വർഗപാതാളങ്ങളിലും കുഞ്ചൻനമ്പ്യാരുടെ വിമർശനശരം ഏൽക്കാത്തവരില്ലെന്ന് അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി ബി.സന്ധ്യ കുഞ്ചൻനമ്പ്യാർ സ്മാരക പ്രഭാഷണം നടത്തി. കുഞ്ചൻനമ്പ്യാരെപ്പോലെ ജീവിതത്തിന്റെ എല്ലാ മുഹൂർത്തങ്ങളിലും കടന്നുചെന്ന മറ്റൊരു കവി മലയാളത്തിലില്ലെന്ന് സന്ധ്യ പറഞ്ഞു. സമിതിയുടെ സ്ഥാപക പ്രസിഡന്റ് എ.ആർ. ഷാജിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കഥാപുരസ്കാരവും കവിത, ബാലസാഹിത്യ പുരസ്‌കാരങ്ങളും സമ്മാനിച്ചു. ലേഖ കാക്കനാട്ട്,​ ഡോ.സുനിൽ ജോസ്,​ സുനിൽദത്ത് സുകുമാരൻ,​ ത്രിവിക്രമംഗലം രാജൻ,​ ഹാജറ കെ.എം,​ ബിജു നാരായണൻ,​ വാസു അരീക്കോട്,​ ആർച്ച എ.ജെ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.സമിതി സെക്രട്ടറി പഴുവടി രാമചന്ദ്രൻ, പ്രോഗ്രാം കൺവീനർ ഉണ്ണി അമ്മയമ്പലം എന്നിവർ സംസാരിച്ചു.