fire

 70 ലക്ഷം രൂപയുടെ നഷ്ടം

തിരുവനന്തപുരം: കാർഷിക ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. വഞ്ചിയൂരിന് സമീപം ചെട്ടിക്കുളങ്ങര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൃഷിമിത്ര കൃഷികേന്ദ്രമാണ് നശിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം. ഏകദേശം 70 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറ‍ഞ്ഞു.

വഞ്ചിയൂർ-പാറ്റൂർ റോഡിൽ പുഷ്പഭായി, ജപറാണി എന്നിവരുടെ ഉടമസ്ഥതയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. പുലർച്ചെ നാലോടെ സമീപവാസിയായ ശിവപ്രസാദാണ് തീപിടിത്തമുണ്ടായ വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. തിരുവനന്തപുരം,ചാക്ക,കഴക്കൂട്ടം എന്നിവിടങ്ങളിൽ നിന്ന് ഏഴോളം ഫയർഫോഴ്സ് യൂണിറ്റുകളെത്തി മൂന്ന് മണിക്കൂ‍ർ പരിശ്രമിച്ചാണ് തീ അണച്ചത്.

കീടനാശിനികൾ, വളം, കാർഷിക ഉപകരണങ്ങൾ, സ്ഥാപനത്തിലെ ഫർണീച്ചറുകൾ, കമ്പ്യൂട്ടർ, കാമറകൾ, ഇൻവെർട്ടർ തുടങ്ങിയവ പൂർണമായി അഗ്നിക്കിരയായി. രണ്ട് നിലകളുള്ള കെട്ടിടം ഉപയോഗിക്കാനാകാത്തവിധം നശിച്ചിട്ടുണ്ട്. മുറികൾക്കുള്ളിലും ടെറസിലുമായി സൂക്ഷിച്ചിരുന്ന 200 ചാക്കോളം രാസ, ജൈവ വളങ്ങളും കത്തിനശിച്ചു. തീ വ്യാപിക്കുമെന്ന ആശങ്കയെ തുടർന്ന് സമീപത്തെ വീട്ടിലെയും രണ്ട് ഫ്ളാറ്റുകളിലെയും താമസക്കാരെ പൊലീസെത്തി ഒഴിപ്പിച്ചു. റോഡിലും കടയിലും തിരക്ക് ഇല്ലാതിരുന്നതിനാൽ കൂടുതൽ അപകടമുണ്ടായില്ല.

പുകയും രൂക്ഷഗന്ധവും

കീടനാശിനികളും രാസവളങ്ങളും കത്തിയുണ്ടായ പുകയും രൂക്ഷഗന്ധവും പരിസരവാസികളെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിലാക്കി. പലർക്കും ശ്വാസംമുട്ടുണ്ടായി. ഫയർഫോഴ്സ് അംഗങ്ങൾ റോഡിലും സമീപത്തെ കെട്ടിടങ്ങളുടെ മുകളിലും കയറിനിന്ന് വെള്ളം ശക്തമായി പമ്പ് ചെയ്‌ത് തീ നിയന്ത്രിച്ചശേഷമാണ് അകത്തേക്ക് പ്രവേശിച്ചത്. പ്ലാസ്റ്രിക് സാധനങ്ങൾ ഉരുകിയൊലിച്ചതും കാലപ്പഴക്കമുള്ള കെട്ടിടത്തിന് ബലക്കുറവുള്ളതും രക്ഷാപ്രവർത്തനത്തെ ബുദ്ധിമുട്ടിലാക്കി. ജില്ലാ ഫയർ ഡിവിഷൻ ഓഫീസർമാരായ ദിലീപ്,​ സുധി, സ്റ്റേഷൻ ഓഫീസർമാരായ പ്രവീൺ, രാമമൂർത്തി, തുളസീധരൻപിള്ള എന്നിവർ നേതൃത്വം നൽകി. വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ജീവനക്കാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.