
തിരുവനന്തപുരം:ഉച്ചഭാഷിണികളുടെയും കലാരൂപങ്ങളുടെയും അകമ്പടിയിൽ അണികളെ ആവേശത്തിന്റെ പാരമ്യത്തിലെത്തിക്കുന്ന കൊട്ടിക്കലാശം ഇക്കുറിയും ഉണ്ടാകില്ല. നാളെയാണ് പരസ്യ പ്രചാരണം അവസാനിക്കുന്നത്. കൊവിഡ് ഭീഷണി തുടരുന്നതിനാൽ കൊട്ടിക്കലാശം പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം കളക്ടർ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗത്തിൽ അറിയിച്ചുകഴിഞ്ഞു. ഇക്കാര്യം ലംഘിക്കാൻ കഴിയാത്തതിനാൽ മണ്ഡലങ്ങളിൽ പ്രസംഗമോ റാലിയോ കലാപരിപാടികളോ നടത്തി പ്രചാരണം അവസാനിപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികൾ ലക്ഷ്യമിടുന്നത്. കൊവിഡ് ഭീഷണിയുള്ളതിനാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും കൊട്ടിക്കലാശം ഉണ്ടായിരുന്നില്ല.
കൊവിഡിന് മുൻപ്, ഓരോ തിരഞ്ഞെടുപ്പുകളുടെയും അവസാന ഘട്ടത്തിൽ നടക്കുന്ന കൊട്ടിക്കലാശം ഏറെ ശ്രദ്ധേയാകർഷിക്കുന്ന ഒന്നായിരുന്നു. ജില്ലയിലെ ഏറ്റവും വലിയ കൊട്ടിക്കലാശം നടക്കാറുള്ളത് പേരൂർക്കട ജംഗ്‌ഷനിലാണ്. വർണ ബലൂണുകളും ബാൻഡ്മേളവും ശിങ്കാരി മേളവുമടക്കം വിവിധ രാഷ്ട്രീയ പാർട്ടികൾ സജ്ജമാക്കിയാണ് അണികളെ ആവേശത്തിലാഴ്ത്താറുള്ളത്.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇടക്കാലത്ത് അല്പം ശമനമുണ്ടായിരുന്ന കൊവിഡ് വ്യാപനം ഈ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ കൂടിയിട്ടുണ്ട്. രോഗവ്യാപനം ഉണ്ടാകാൻ സാദ്ധ്യതയുള്ള കൊട്ടിക്കലാശം പോലുള്ളവ ഒഴിവാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം.