നെടുമങ്ങാട്: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, മലയോര മണ്ഡലങ്ങളിൽ മീനച്ചൂടിനെ വെല്ലുന്ന പ്രചാരണച്ചൂട്. മൈക്ക് സ്ക്വാഡുകളുടെ മത്സരിച്ചുള്ള അനൗൺസ്മെന്റുകളും കോർണർ മീറ്റിംഗുകളും താഴേത്തട്ടിലെ പ്രവർത്തകരെയും വോട്ടർമാരെയും ആവേശം കൊള്ളിക്കുകയാണ്. എതിരാളിയുടെ അനൗൺസ്‌മെന്റിനുള്ള മറുപടി പറഞ്ഞിട്ടേ തങ്ങളുടെ പ്രചാരണ വാഹനങ്ങൾ മടങ്ങാവൂ എന്ന ശാഠ്യത്തിലാണ് പ്രവർത്തകർ. ഇത്തരത്തിൽ മറുപടി നൽകാൻ പ്രാപ്തരായ യുവനേതാക്കളെ തെരഞ്ഞു പിടിച്ച് പബ്ലിസിറ്റി വാഹനങ്ങളിൽ അയയ്ക്കാൻ നിർബന്ധിതരാവുകയാണ് ഓരോമേഖലയിലെയും തിരഞ്ഞെടുപ്പ് കമ്മിറ്റി നേതാക്കൾ.സ്വീകരണ പര്യടനങ്ങൾ പൂർത്തിയാക്കിയ സ്ഥാനാർത്ഥികൾ കുടുംബ സംഗമങ്ങളിലും സമുദായ നേതാക്കളുടെ വീടുകളിലും സന്ദർശനം നടത്തുന്നതിന്റെ തിരക്കിലാണിപ്പോൾ. ദുഃഖവെള്ളി പ്രമാണിച്ച് ഇന്നലെ ക്രിസ്ത്യൻ ദേവാലയങ്ങളിൽ നടന്ന വിശുദ്ധവാര ശുശ്രൂഷകളിലും മുസ്ലിം ജമാഅത്തുകളിലെ വെള്ളിയാഴ്ച നമസ്കാരത്തിലും ഒട്ടുമിക്ക സ്ഥാനാർത്ഥികളും പങ്കെടുത്തു. പര്യടന വേളയിൽ വിട്ടുപോയ തൊഴിലിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തി. പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന കവലയോഗങ്ങൾ തകൃതിയാണ്.
നെടുമങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.എസ്. പ്രശാന്ത് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ അന്തേവാസികളെയും വെള്ളാണിക്കൽ കാഷ്യുനട്ട് ഫാക്ടറി തൊഴിലാളികളെയും നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. പ്രശാന്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്ന് രാവിലെ 10 ന് വെമ്പായം ജംഗ്‌ഷനിലും മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി വൈകിട്ട് അഞ്ചിന് കരുപ്പൂര് ജംഗ്‌ഷനിലും പ്രസംഗിക്കും. ഡോ. ശശിതരൂർ എം.പിയുടെ നേതൃത്വത്തിൽ വൈകിട്ട് പോത്തൻകോട് നിന്ന് ആരംഭിക്കുന്ന റോഡ് ഷോ നെടുമങ്ങാട് സമാപിക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.ആർ. അനിൽ ദേവാലയ സന്ദർശന തിരക്കിലായിരുന്നു. കേരള വ്യാപാരി വ്യവസായി സമിതി നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ കുടുംബ സംഗമത്തിലും പങ്കെടുത്തു. ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായ അഡ്വ. ആർ. ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, മാങ്കോട് രാധാകൃഷ്ണൻ, എസ്.ആർ. വിജയൻ എന്നിവർ അനുഗമിച്ചു. എൽ.ഡി.എഫ് കരകുളം മേഖല റാലിയും പൊതുയോഗവും മുക്കോല എം.എ.കെ ഓഡിറ്റോറിയത്തിൽ സി.പി.ഐ നേതാവ് ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്തു. നെടുമങ്ങാട് മേഖലാറാലി പഴകുറ്റിയിൽ നിന്ന് ആരംഭിച്ച് വാളിക്കോട്ട് സമാപിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം ഉദ്‌ഘാടനം ചെയ്തു. എൻ.ഡി.എ സ്ഥാനാർത്ഥി ജെ.ആർ. പദ്മകുമാർ വട്ടപ്പാറയിലെ കോളനി പ്രദേശങ്ങൾ സന്ദർശിച്ചു. കുടുംബയോഗങ്ങൾ നിശ്ചയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് ഇന്നത്തേക്ക് മാറ്റി. ഇന്ന് കരകുളം മേഖലയിലാണ് കുടുംബയോഗങ്ങൾ തീരുമാനിച്ചിട്ടുള്ളത്. ബി.ജെ.പി നേതാക്കളായ പൂവത്തൂർ ജയൻ, പള്ളിപ്പുറം വിജയകുമാർ, മരുതൂർ അനിൽ, ഷിജു വട്ടപ്പാറ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. നാളെ വൈകിട്ട് നെടുമങ്ങാട് മാർക്കറ്റ് ജംഗ്‌ഷനിൽ റോഡ് റാലിയിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പ്രസംഗിക്കും.
വാമനപുരം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ. മുരളി തോട്ടം മേഖലയായ മടത്തറ, പൊന്മുടി എന്നിവിടങ്ങളിൽ തൊഴിലാളികളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പര്യടനം അവസാനിപ്പിച്ചു. പി.എസ്. മധു, എ.എം അൻസാരി, ജോർജ് ജോസഫ്, ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.വൈകിട്ട് പെരിങ്ങമ്മലയിൽ ചേർന്ന മേഖലാ റാലിയും പൊതുയോഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം ഉദ്‌ഘാടനം ചെയ്തു. ഇന്നും നാളെയും മുൻകൂട്ടി നിശ്ചയിച്ച പൊതുയോഗങ്ങളിൽ ഡി.കെ പങ്കെടുക്കും.യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയന്റെ സ്വീകരണ പര്യടനം തുടരുകയാണ്. ഇന്നലെ നെല്ലനാട് പഞ്ചായത്തിലായിരുന്നു. കാന്തലക്കോണം ജംഗ്‌ഷനിൽ കെ.പി.സി.സി സെക്രട്ടറി രമണി പി. നായർ ഉദ്‌ഘാടനം ചെയ്തു.വൈകിട്ട് വെഞ്ഞാറമൂട് ജംഗ്‌ഷനിൽ സമാപന സമ്മേളനത്തിൽ കെ.പി.സി.സി എക്സി.അംഗം ഇ.ഷംസുദീൻ പ്രസംഗിച്ചു. ഇന്ന് രാവിലെ,മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പാലോട് ജംഗ്‌ഷനിൽ പ്രസംഗിക്കും.എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവൻ സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു.ബി.ഡി.ജെ.എസ് നേതാവ് വേണു കാരണവർ,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് റെജികുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് പ്രധാനമന്ത്രിയുടെ പ്രചാരണ യോഗത്തിലും അപങ്കെടുത്തു.ഇന്നും നാളെയും മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തിലെയും കോളനികൾ സന്ദർശിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.
അരുവിക്കര മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി. സ്റ്റീഫനും എൻ.ഡി.എ സ്ഥാനാർത്ഥി സി. ശിവൻകുട്ടിയും ക്രിസ്ത്യൻ, മുസ്ലിം ദേവാലയ സന്ദർശനത്തിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് വ്യാപാരി വ്യവസായി സമിതിയുടെ കുടുംബ സംഗമത്തിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകും. സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം വി.കെ. മധു ഉദ്‌ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അപകടത്തിൽപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ മരണപ്പെട്ടതിനെ തുടർന്നുള്ള മൂകതയിലാണ് യു.ഡി.എഫ് ക്യാമ്പുകൾ. സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ പ്രാദേശിക നേതാക്കളും സമുദായ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.