vote

തിരുവനന്തപുരം: ഇരട്ട വോട്ടുള്ളവർ സമർപ്പിക്കേണ്ട സത്യവാങ്മൂലത്തിന്റെ മാതൃക ബൂത്തുതല ഉദ്യോഗസ്ഥർ ബന്ധപ്പെട്ടവരുടെ വീടുകളിലെത്തിക്കും. ഏതു ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്നും ഉദ്യോഗസ്ഥർ അറിയിക്കും.

ഒരു വോട്ടു മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം സമ്മതിദായകൻ പൂരിപ്പിച്ച് കൊണ്ടുവന്ന് റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കണം. ഇവരുടെ ഫോട്ടോയെടുക്കാൻ റിട്ടേണിംഗ് ഓഫീസർമാർക്ക് കാമറയടക്കമുള്ള സംവിധാനം നൽകും.

140 നിയോജക മണ്ഡലങ്ങളിലായി 4,34,000 ഇരട്ട വോട്ടർമാരുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്. എന്നാൽ, തിരഞ്ഞെടുപ്പു കമ്മിഷൻ 38,586 ഇരട്ട വോട്ടുകളാണ് കണ്ടെത്തി ഹൈക്കോടതിയെ അറിയിച്ചത്. ഇത്രയും പേർക്ക് മാത്രമാണ് സത്യവാങ്മൂലം ബാധകം.

സത്യവാങ്മൂലത്തിൽ

രേഖപ്പെടുത്തേണ്ടത്

വോട്ടറുടെ പേര്, മേൽവിലാസം, വയസ്, വോട്ടർ പട്ടികയിലെ ക്രമനമ്പർ, വോട്ടർ എെഡിയിലെ നമ്പർ. അതിനുതാഴെ പേര് എഴുതി ഒപ്പിടണം.

വോട്ടിടേണ്ടത്

ഇപ്പോൾ താമസിക്കുന്നത് എവിടെയാണോ ആ സ്ഥലത്തെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തണം. താമസിക്കുന്ന സ്ഥലത്തെ രണ്ട് ബൂത്തുകളിൽ പേരുണ്ടായാൽ വീട് നിൽക്കുന്ന ബൂത്ത് ഏതാണോ അവിടെ വോട്ട് ചെയ്യണം.

ബീഹാറിലെ മുഖ്യതിരഞ്ഞെടുപ്പ്

ഓഫീസർ തലസ്ഥാനത്ത്

ഇരട്ട വോട്ട് വിവാദമാവുകയും തടയാൻ ഹൈക്കോടതി നിർദേശിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലെ എെ.ടി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ബീഹാറിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എച്ച്.ആർ.ശ്രീനിവാസയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തെത്തി. ആറ് ഐ.ടി വിദഗ്ദ്ധർ സംഘത്തിലുണ്ട്. തിരഞ്ഞെടുപ്പു കഴിയുന്നതുവരെ സംഘം കേരളത്തിലുണ്ടാകും.