കിളിമാനൂർ: സ്വീകരണ പരിപാടികളും പഞ്ചായത്ത്,നിയോജകമണ്ഡലം റാലികളും സംഘടിപ്പിച്ച് മുന്നേറുകയാണ് മുന്നണികൾ.സ്വീകരണ പരിപാടികളിലും റാലികളിലും പരമാവധി ആളുകളെ പങ്കെടുപ്പിച്ച് ശക്തി പ്രകടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഞായറാഴ്ച വൈകിട്ട് ആറോടെ ശബ്ദ പ്രചാരണത്തിന് സമാപനം കുറിക്കുന്നതിനുമുമ്പ് അനുകൂല തരംഗം ഉണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികൾ.പ്രചാരണത്തിൽ മുന്നണികൾ ഒപ്പത്തിനൊപ്പം എന്ന നിലയിലാണ് മുന്നോട്ടുപോകുന്നത്.ഓരോ മണ്ഡലത്തിലും പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയാണ്.ഓരോ പഞ്ചായത്തിലും മേഖലകൾ തിരിച്ച് ഓരോ സ്ഥാനാർത്ഥികൾക്കുമായി രണ്ടും മൂന്നും വാഹനങ്ങളാണ് അനൗൺസ്‌മെന്റുമായി പായുന്നത്.സ്വീകരണ പരിപാടികൾക്ക് കൊഴുപ്പ് കൂട്ടാൻ ശിങ്കാരിമേളം,പഞ്ചവാദ്യം,കാവടി എന്നിങ്ങനെയുള്ള ആഘോഷങ്ങൾക്കും കുറവില്ല. ദേശീയ നേതാക്കൾ കൂടി എത്തിത്തുടങ്ങിയതോടെ പ്രചാരണം ഉത്സവമാക്കുകയാണ് മുന്നണികൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദി,ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ എത്തിയിരുന്നു.സ്വന്തം മണ്ഡലങ്ങളിൽ അല്ലെങ്കിലും ഇവർ എത്തിയതിന്റെ തരംഗം സ്വന്തം മണ്ഡലങ്ങളിലും എത്തിക്കാൻ എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് കഴിഞ്ഞു.ധനകാര്യമന്ത്രി നിർമ്മല സീതാരാമനും അടുത്ത ദിവസങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ജില്ലയിൽ ഉണ്ടാക്കിയ ഓളം യു.ഡി.എഫിന് ഏറെ ആത്മവിശ്വാസം പകരുന്നു. ഇതിലൂടെ നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് നേതാക്കൾ. പകുതിയിലേറെ മണ്ഡലങ്ങളിലൂടെ പ്രിയങ്ക നടത്തിയ റോഡ് ഷോയിൽ എത്തിയ ജനക്കൂട്ടം കൂടുതൽ ആത്മവിശ്വാസം പകരുന്നു.ഇതോടൊപ്പം ഉമ്മൻചാണ്ടി,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കെ.സി. വേണുഗോപാൽ,താരിഖ് അൻവർ,സൽമാൻ ഖുർഷിദ് ഉൾപ്പെടെയുള്ളവരെയും രംഗത്തിറക്കി.
എൽ.ഡി.എഫിലെ പ്രചാരണരംഗത്ത് നിറഞ്ഞു നിന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പ്രചാരണത്തിന്റെ തുടക്കത്തിൽതന്നെ മുഖ്യമന്ത്രി ജില്ലയിൽ പര്യടനം നടത്തി മടങ്ങി. ഇതിന് പിന്നാലെ സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ അഖിലേന്ത്യാ സെക്രട്ടറി ഡി.രാജ,എ.വിജയരാഘവൻ,എൽ.ഡി.എഫ് നേതാക്കളായ കാനം രാജേന്ദ്രൻ,പന്ന്യൻ രവീന്ദ്രൻ,വൃന്ദാകാരാട്ട്, സുഭാഷിണി അലി,എസ്. രാമചന്ദ്രൻപിള്ള, കനയ്യകുമാർ തുടങ്ങിയവരെ ഇറക്കി പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്.
ആറ്റിങ്ങൽ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഒ.എസ്.അംബികയുടെ വാഹന പര്യടനം ഉൾപ്പെടെയുള്ള പര്യടനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞദിവസം വിവിധ പഞ്ചായത്തുകളിലെ കോളനികൾ കേന്ദ്രീകരിച്ച് വോട്ട് അഭ്യർത്ഥിച്ചു.വരും ദിവസങ്ങളിൽ കുടുംബയോഗങ്ങളിൽ പങ്കെടുക്കും.
യു.ഡി.എഫ് സ്ഥാനാർത്ഥി എ.ശ്രീധരൻ കഴിഞ്ഞ ദിവസം നഗരൂർ പഞ്ചായത്തിൽ കേശവപുരം, വെള്ളല്ലൂർ, മാത്തയിൽ എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഇന്ന് ആറ്റിങ്ങൽ നഗരസഭയിൽ പര്യടനം നടത്തുന്നതോടെ വാഹന പര്യടനം പൂർത്തിയാകും.
എൻ.ഡി.എ സ്ഥാനാർത്ഥി പി.സുധീർ കഴിഞ്ഞ ദിവസം പുളിമാത്ത്,പഴയകുന്നുമ്മേൽ പഞ്ചായത്തുകളിലെ റോഡു ഷോയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുത്തു. ഇന്ന് ചെറുന്നിയൂർ പഞ്ചായത്തിൽ പ്രചാരണം നടത്തും.
വാമനപുരം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡി.കെ.മുരളിയും പ്രവർത്തകരും കഴിഞ്ഞ ദിവസം പൊൻമുടിയിലെത്തി.തോട്ടം തൊഴിലാളികളെയും, ലയങ്ങളും, കർഷക തൊഴിലാളികളെയും, ആദിവാസി ഊരുകളും സന്ദർശിച്ചു വോട്ട് അഭ്യർത്ഥിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയൻ കഴിഞ്ഞ ദിവസം നെല്ലനാട് പഞ്ചായത്തിൽ പ്രചാരണം നടത്തി. നെല്ലനാട് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം രമണി പി.നായർ ഉദ്ഘാടനം ചെയ്തു.
എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവന്റെ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ട് ദിവസം മുൻപ് പൂർത്തിയായി. സ്ഥാനാർത്ഥി കഴിഞ്ഞ ദിവസങ്ങളിൽ കുടുംബ യോഗങ്ങളിലും പ്രവർത്തന യോഗങ്ങളിലും പങ്കെടുത്തു.