kattadi

തിരുവനന്തപുരം: അദാനി ഗ്രൂപ്പിൽ നിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങാൻ പിണറായി സർക്കാർ കരാർ ഉണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് തെളിവായി പഞ്ചാബിലെ സോളാർ വൈദ്യുതി കരാറിനെക്കുറിച്ച് വെളിപ്പെടുത്തി പഞ്ചാബ് ധനമന്ത്രി മൻപ്രീത് സിംഗ് ബാദൽ. പഞ്ചാബിൽ സോളാർ വൈദ്യുതി യൂണിറ്റിന് 1.99 രൂപ നിരക്കിലാണ് ലഭിക്കുന്നത്. കേരളത്തിൽ യൂണിറ്റിന് 2.90 രൂപ നിരക്കിലാണ് അദാനിയുമായി കരാർ. 2025കോടിയുടെ കരാറിലാണ് കെ.എസ്.ഇ.ബി. ഒപ്പുവെച്ചത്.

കൂടിയ വിലയ്ക്ക് കേരള സർക്കാർ വൈദ്യുതി വാങ്ങുന്നതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരൂഹ ഇടപാടുകളുടെ പരമ്പരയാണ് കേരളത്തിൽ നടക്കുന്നത്.
കേരളത്തിന്റെ സാമ്പത്തിക നില തകർന്നു. കേരളത്തിലെ ഓരോ പൗരനും ലക്ഷക്കണക്കിന് രൂപയുടെ കടക്കാരാണ്. 2015-16 വർഷത്തിൽ ജി.എസ്.ഡി.പി വളർച്ചാ നിരക്ക് 7.44 ശതമാനമായിരുന്നു. 2019-20ൽ അത് 2.45 ശതമാനമായി കുറഞ്ഞു. പഞ്ചാബിൽ ജി.എസ്.ഡി.പി റേറ്റ് 11 ശതമാനത്തിലെത്തി. മറ്റ് സംസ്ഥാനങ്ങൾ ഏഴിൽ നിന്ന് എട്ടിലേക്കു വളർന്നപ്പോഴാണ് കേരളത്തിന്റെ അവസ്ഥ ഇത്ര പരിതാപകരമായത്. ധനക്കമ്മി പരിഹരിക്കുന്നത് എങ്ങനെയെന്നതിന് ഉത്തരമില്ല. ഇത് ഭരണാധികാരികളുടെ പിടിപ്പുകേടും ഗുരുതര വീഴ്ചയുമാണെന്ന് അദ്ദേഹം പറഞ്ഞു.
മോദി മാജിക് എന്ന പേരിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന തട്ടിപ്പിന്റെ മാതൃക തന്നെയാണ് പിണറായി വിജയന്റെ മാജിക് എന്ന നിലയിൽ സംസ്ഥാനത്ത് പ്രചരിപ്പിക്കുന്നത്. കോടികൾ ചെലവഴിച്ച് പരസ്യങ്ങൾ നൽകി വലിയ ഭരണനേട്ടമുണ്ടാക്കിയെന്ന് അവകാശവാദം മുഴക്കുകയാണ്.
അഴിമതിയുടെ കാര്യത്തിൽ കേരളം ബഹുദൂരം മുന്നിലാണെന്നും മൻപ്രീത് സിംഗ് പറഞ്ഞു.