തിരുവനന്തപുരം: രണ്ടു ദിവസം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലുള്ളപ്പോൾ അദാനി കുടുംബം കേരളത്തിലെത്തിയ കാര്യം രഹസ്യാനേഷണ വിഭാഗം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നോയെന്നും, എങ്കിലവർ ആരുമായെല്ലാം രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു..
മുഖ്യമന്ത്രിക്ക് ഏറെ അടുപ്പമുള്ള കോടിശ്വരനാണ് ഗൗതം അദാനി. ബി.ജെ.പിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണോ മുഖ്യമന്ത്രി അദാനിയുമായി വൈദ്യുതി കരാറിൽ ഏർപ്പെട്ടതെന്ന് വ്യക്തമാക്കണം. ഉപയോക്താക്കൾക്ക് വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തുന്ന അദാനിയുമായുള്ള കെ.എസ്.ഇ.ബിയുടെ കരാറിലെ വ്യവസ്ഥകൾ പുറത്തു വിടണം. ക്രമാതീതമായ വൈദ്യുതി ചാർജ് വർദ്ധനയിലേക്ക് തള്ളിവിടുന്നതാണ് കരാർ.
സഹസ്രകോടീശ്വരൻമാരുടെ ക്യാപ്ടനാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ ക്യാപ്ടനെന്ന് വിളിക്കാൻ പിആർ ഏജൻസികൾ 2000 ആളുകളെ സ്ഥിരമായി ഏർപ്പാടാക്കുന്നു.. ബോംബ് പൊട്ടുമെന്നത് മുഖ്യമന്ത്രിയുടെ സൃഷ്ടിയാണ്. പരാജയ കാരണങ്ങളിൽ നിന്നും രക്ഷനേടാനുള്ള മുൻകൂർ ജാമ്യമെടുക്കലാണിത്.
തലശ്ശേരിയിലെ ഇടതു സ്ഥാനാർത്ഥി മുഖ്യമന്ത്രിയുടെ പ്രതിപുരുഷനാണ്. സി.ഒ.ടി നസീറിന് പിന്തുണ നൽകുമെന്ന വ്യാജേന ഷംസീറിന് വോട്ട് മറിക്കാനാണ് ബി.ജെ.പി ശ്രമം. കോൺഗ്രസിന് ബിജെപിയുടെ വോട്ട് ആവശ്യമില്ല. ബി.ജെ.പി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് സിപിഎമ്മുമായുള്ള അന്തർധാരയുടെ പുറത്താണ്. ബി.ജെ.പി അദ്ധ്യക്ഷൻ മത്സരിക്കുന്ന മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെ സിപിഎം നിറുത്തിയത് അതിന് തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു.