kk-

തിരഞ്ഞെടുപ്പ് എന്നത് ഏറ്റവും ഉത്തരവാദിത്വബോധത്തോടെ സമീപിക്കേണ്ട ഒന്നാണെന്നും, അത് തങ്ങളുടെ ജീവിതത്തെത്തന്നെ വഴിതിരിച്ചുവിടുമെന്നും ഉന്നത ജനാധിപത്യബോധമുള്ള മലയാളികൾക്കറിയാം. പ്രലോഭനങ്ങൾക്കോ തെറ്റിദ്ധരിപ്പിക്കലുകൾക്കോ വഴിപ്പെടാത്ത കേരളീയ ജനതയുടെ ഈ ജനാധിപത്യ പ്രബുദ്ധതയിൽ അചഞ്ചലമായ വിശ്വാസമാണ് ഇടതു മുന്നണിക്കുള്ളത്.

വർഗീയ കലാപങ്ങളില്ലാത്ത അഞ്ചു വർഷങ്ങളാണ് കടന്നുപോകുന്നത്. തുടർച്ചയായ പ്രതികൂല ഘടകങ്ങളെ മറികടന്ന് കേരളം മുന്നേറിയ ഘട്ടം. ഒാഖി, പ്രളയം, നിപ, കൊവിഡ്... ഒന്നൊന്നായെത്തിയ ആപത്തുകളെ നമ്മൾ ഒറ്റക്കെട്ടായി പൊരുതി അതിജീവിച്ചു. ഓരോ ഇടതു സർക്കാരും നേരത്തേയുള്ള ഇടതു സർക്കാരുകളുടെ നേട്ടങ്ങളുമായി മത്സരിക്കുകയായിരുന്നു. അങ്ങനെയാണ് പെൻഷൻ 1600 രൂപയായി വർദ്ധിച്ചതും സാമൂഹ്യസുരക്ഷ, വികസന മേഖലകളിൽ 73,280 കോടി രൂപ ചെലവഴിച്ചതുമൊക്കെ. ദുരിതാശ്വാസനിധിയിലൂടെ 5432 കോടി രൂപ വിതരണം ചെയ്തതും 2,57,000 പേർക്ക് ലൈഫ് മിഷനിലൂടെ വീട് നൽകിയതും അങ്ങനെ തന്നെ.

45,000 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കിയും 1,20,000 ത്തോളം ലാപ്‌ടോപ്പുകൾ വിതരണം ചെയ്തുമായിരുന്നു വിദ്യാഭ്യാസ രംഗത്ത് സർക്കാരിന്റെ നേട്ടം. അഞ്ഞൂറിലധികം കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചതും താലൂക്ക്- ജില്ലാ ആശുപത്രികളിൽ വരെ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനം ലഭ്യമാക്കിയതും മുന്നേറ്റത്തെക്കുറിച്ചുള്ള ഉറച്ച കാഴ്ചപ്പാടിന്റെ അടിത്തറയിൽ നിന്നാണ്. 1,58,000 പേർക്ക് പി.എസ്.സി വഴി നിയമനം നൽകിയതും 3900 സ്റ്റാർട്ട്അപ്പുകൾക്ക് അവസരമൊരുക്കിയതും നാടും നാട്ടുകാരും മെച്ചപ്പെടണമെന്ന കാഴ്ചപ്പാടുള്ളതുകൊണ്ടാണ്.


മുടങ്ങിക്കിടന്ന ഗെയിൽ പൈപ്പ്‌ലൈൻ, എടമൺ- കൊച്ചി വൈദ്യുതിലൈൻ, റെയിൽവെ വികസനം എന്നിവയൊക്കെ യാഥാർത്ഥ്യമാക്കിയതും മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത തുടങ്ങിയവ സാദ്ധ്യമാക്കിയതും വികസനപ്രക്രിയയിൽ ഈ സർക്കാർ നിശ്ചയദാർഢ്യത്തോടെ ഇടപെട്ടതുകൊണ്ടാണ്. അഞ്ചുവർഷം കൊണ്ടുണ്ടായ ഈ നേട്ടങ്ങൾ തകർക്കാൻ ആർക്കും വിട്ടുകൊടുക്കരുതെന്ന ബോദ്ധ്യത്തിന്റെ ഘട്ടമാണിത്.

ഭരണത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പത്തിൽ നിന്ന് ഇടതു സർക്കാർ മാറി ചിന്തിച്ചപ്പോഴാണ്

കിഫ്ബിയും അതിലൂടെയുള്ള വികസനങ്ങളും വന്നത്. അതു വഴി 63,000 കോടിയുടെ വരെ വിഭവസമാഹരണ വിനിയോഗം നടപ്പാക്കി. ഇതൊക്കെ കാണുന്നവർ കിഫ്ബി നിർത്തും, കേരള ബാങ്ക് പൂട്ടിക്കും, കുടുംബശ്രീ പിരിച്ചുവിടും ലൈഫ് ഇല്ലാതാക്കും എന്നൊക്കെ ആക്രോശിക്കുന്നതു കേൾക്കുമ്പോൾ

ഞെട്ടുകയാണ്. തകർക്കാൻ നിൽക്കുന്നവർക്കല്ല, എല്ലാം നിർമ്മിക്കാൻ നിൽക്കുന്നവർക്കാണ് വോട്ട് എന്ന് കേരളം പ്രതിജ്ഞയെടുക്കുകയാണ്. അതാണ് ഇടതു മുന്നണിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകം. ഉറപ്പാണ് എന്ന മുദ്രാവാക്യത്തിന് വിശ്വാസ്യതയണയ്ക്കുന്ന ഘടകം.