തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലായതിനാൽ പ്രിയങ്ക ഗാന്ധി ഇന്ന് നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പര്യടനം റദ്ദാക്കി. ഭർത്താവ് റോബർട്ട് വദ്രയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രിയങ്ക നിരീക്ഷണത്തിലായത്. എന്നാൽ നാളെ നേമത്തെ കൊട്ടിക്കലാശത്തിന് രാഹുൽഗാന്ധി എത്തിയേക്കും.
പ്രിയങ്കയുടെ പരിശോധനാഫലം നെഗറ്റീവാണെങ്കിലും ഡോക്ടർമാർ മൂന്ന് നാല് ദിവസത്തെ നിരീക്ഷണം നിർദ്ദേശിച്ചു. ഇന്നലെ അസാമിലും ഇന്ന് രാവിലെ തമിഴ്നാട്ടിലും വൈകിട്ട് തിരുവനന്തപുരത്തുമാണ് പ്രിയങ്കയുടെ പരിപാടികൾ നിശ്ചയിച്ചിരുന്നത്. ചൊവ്വാഴ്ച പ്രിയങ്ക കേരളത്തിൽ പര്യടനത്തിനെത്തിയിരുന്നെങ്കിലും പ്രധാന മത്സരം നടക്കുന്ന നേമത്തും കഴക്കൂട്ടത്തും എത്തിയിരുന്നില്ല. നേമത്തെ സ്ഥാനാർത്ഥി കെ. മുരളീധരൻ അന്നുതന്നെ ഇതിലുള്ള അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിറ്റേദിവസം കെ. മുരളീധരനും കഴക്കൂട്ടത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.എസ്. ലാലും പ്രിയങ്കയെ കണ്ട് പരാതി അറിയിച്ചതിനെ തുടർന്ന് വീണ്ടും പ്രചാരണത്തിന് വരുമെന്ന് അവർ സമ്മതിച്ചിരുന്നു. രാഹുൽ ഇന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.