d

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് നാൾ ശേഷിക്കെ അടുത്ത 72 മണിക്കൂർ ജില്ലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ പറഞ്ഞു. ഇന്നലെ അർദ്ധരാത്രി മുതൽ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടത്തുന്ന ബൈക്ക് റാലികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള സൗജന്യ ഭക്ഷ്യവിതരണം,സൗജന്യ പാർട്ടികൾ, ഏതെങ്കിലും തരത്തിലുള്ള പാരിതോഷികങ്ങളുടെ വിതരണം തുടങ്ങിയവ അനുവദിക്കില്ല. സ്ഥാനാർത്ഥിക്കൊപ്പം പര്യടനം നടത്തുന്ന വാഹനങ്ങളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളോ ആയുധങ്ങളോ ഇല്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും. ഇതിനായി പ്രത്യേക സ്‌ക്വാഡുകളുടെ നിരീക്ഷണവും ഏർപ്പെടുത്തും. ചെക്ക്‌പോസ്​റ്റുകളിലും പരിശോധന കൂടുതൽ ശക്തമാക്കി.

ഇതു സംബന്ധിച്ച് ആന്റി ഡിഫേസ്‌മെന്റ് സ്ക്വാഡ്, ഫ്‌ളൈയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് വീഡിയോ സർവൈലൻസ് ടീം എന്നിവരുടെ യോഗം കളക്ടറുടെ നേതൃത്വത്തിൽ ചേർന്നു. ജില്ലാ വികസന കമ്മീഷണർ വിനയ് ഗോയൽ, വിവിധ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

നിയന്ത്രണങ്ങൾ

വോട്ടർമാരല്ലാത്ത വ്യക്തികളുടെ സാന്നിദ്ധ്യം പ്രചാരണ സമയത്തിന് ശേഷം മണ്ഡലത്തിൽ അനുവദിക്കില്ല.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂർ മുതൽ തിരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ ഉച്ചഭാഷിണികളോ അനൗൺസ്‌മെന്റുകളോ പാടില്ല

ഗസ്​റ്റ് ഹൗസുകളിൽ ഉൾപ്പെടെ ആളുകൾ അനധികൃതമായി കൂട്ടം കൂടുന്നുണ്ടോയെന്ന് നിരീക്ഷിക്കും

ചുവരെഴുത്തുകൾ, കൊടി തോരണങ്ങൾ,പോസ്റ്ററുകൾ എന്നിവ ഈ മേഖലയിൽ നിയന്ത്റിക്കും

തിരഞ്ഞെടുപ്പു ദിവസം സ്ഥാനാർത്ഥിക്കും ഇലക്ഷൻ ഏജന്റിനും പാർട്ടി പ്രവർത്തകർക്കും ഓരോ വാഹനമേ അനുവദിക്കൂ.

വോട്ടർമാരെ ബൂത്തിലെത്തിക്കുന്നതിനുള്ള ഗതാഗതസൗകര്യം സ്ഥാനാർത്ഥിയോ ബൂത്ത് ഏജന്റോ ഏർപ്പെടുത്താൻ പാടില്ല.

സ്ഥാനാർത്ഥികളുടെ ഇലക്ഷൻ ബൂത്തുകൾ പോളിംഗ് സ്​റ്റേഷന്റെ 200 മീ​റ്റർ പരിധിയിൽ പാടില്ല