ആര്യനാട്: അരുവിക്കര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥന്റെ പര്യടനത്തിൽ പങ്കെടുക്കവെ വാഹനാപകടത്തിൽ മരിച്ച യുവാവിന് അന്ത്യാഞ്ജലി. ചെറിയാര്യനാട് പ്ലാമൂട് വീട്ടിൽ പരേതനായ രവി - സുലോചന ദമ്പതികളുടെ മകൻ പ്രദീപാണ് (36) വാഹന പര്യടനത്തിൽ പങ്കെടുക്കവെ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പാലൈക്കോണത്തുവച്ച് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനുശേഷം ആര്യനാട് ടൗണിൽ പൊതു ദർശനത്തിനുവച്ചു. കോൺഗ്രസ് പ്രവർത്തകർ വിലാപ യാത്രയായി മൃതദേഹം വീട്ടിലെത്തിച്ചു. സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ, എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജി. സ്റ്റീഫൻ, എൻ.ഡി.എ സ്ഥാനാർത്ഥി സി. ശിവൻകുട്ടി, ഡി.സി.സി സെക്രട്ടറി എൻ. ജയമോഹനൻ, സി.പി.എം വിതുര ഏരിയാ സെക്രട്ടറി എൻ. ഷൗക്കത്തലി, എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കെ.എസ്. സുനിൽകുമാർ, ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് വി.വി ജുമോഹൻ, വാർഡ്മെമ്പർ ലേഖ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി എം.എസ്. സജി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.