തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവചനാതീതമായ പോരാട്ടത്തിലേക്ക് കേരളം നീങ്ങവേ, പരസ്യ പ്രചാരണം നാളെ വൈകിട്ട് ഏഴിന് സമാപിക്കും. തിങ്കളാഴ്ച നിശ്ശബ്ദ പ്രചാരണത്തിന് ശേഷം ചൊവ്വാഴ്ച വോട്ടർമാർ വിധിയെഴുതും.
വോട്ടെടുപ്പ് വൈകിട്ട് 7മണി വരെ നീട്ടിയതിനാൽ പരസ്യ പ്രചാരണം നാളെ വൈകിട്ട് 7വരെ നടത്താം. മാവോയിസ്റ്റ് മേഖലകളിലെ ഒൻപത് മണ്ഡലങ്ങളിൽ വൈകിട്ട് 6ന് പ്രചാരണം അവസാനിപ്പിക്കണം. എന്നാൽ കൊവിഡ് കണക്കിലെടുത്ത്, പരസ്യപ്രചാരണത്തിന്റെ സമാപനത്തിന് കലാശക്കൊട്ടും ആൾക്കൂട്ടവും ബൈക്ക് റാലികളും തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. ഇതുൾപ്പെടെ കർശന മാർഗ നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചത്. ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കുന്ന രീതിയിൽ കേസെടുക്കും.
മറ്റ് നിബന്ധനകൾ
തദ്ദേശ തിരഞ്ഞെടുപ്പിൽ ബൈക്കുകൾ കൂട്ടത്തോടെ ഓടിച്ചത് കണക്കിലെടുത്താണ് ബൈക്ക് റാലികൾ വിലക്കിയത്. ഇന്നലെ രാത്രിവരെയാണ് ബൈക്ക് റാലി അനുവദിച്ചത്.
സമാപനത്തിന് വാഹനങ്ങൾ കൂട്ടത്തോടെ ജംഗ്ഷനുകളിൽ ഇട്ട് തടസമുണ്ടാക്കരുത്. ഒരു പാർട്ടിയുടെ വാഹനം പോയ ശേഷമേ അടുത്ത വാഹനം അതുവഴി പോകാവൂ.
പരസ്യപ്രചാരണം അവസാനിച്ചാൽ പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, രാഷ്ട്രീയ കലാപരിപാടികൾ തുടങ്ങിയവ ഇലക്ട്രോണിക്, സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ നടത്തരുത്.
പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾ, പ്രചാരണം, പ്രചാരണ സാമഗ്രികൾ കൊണ്ടുപോവുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ഇതു പാലിക്കപ്പെടുന്നുണ്ടെന്ന് രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.