s

തിരുവനന്തപുരം: ക്രിസ്തുവിന്റെ പീഡാസഹനവും ത്യാഗവും അനുസ്മരിച്ച് ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു. ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ കുരിശിന്റെ വഴിയും പ്രാർത്ഥനകളും നടന്നു. കൊവിഡ് സാഹചര്യത്തിൽ കുരിശിന്റെ വഴിയും നഗരികാണിക്കൽ ശുശ്രൂഷയും ദേവലായങ്ങൾക്കുള്ളിൽ മാത്രമായിരുന്നു.
പാളയം സെന്റ് ജോസഫ്സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യവും പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും നേതൃത്വം നൽകി. പി.എം.ജി ലൂർദ് ഫൊറോന, വെട്ടുകാട് മാദ്രെ ദേവൂസ്, പേരൂർക്കട തെക്കൻ പരുമല സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയപള്ളി തുടങ്ങി നഗരത്തിലെ വിവിധ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. നിരവധി വിശ്വാസികൾ പങ്കെടുത്തു.

നാളെ ഈസ്റ്റർ ആഘോഷിക്കും. ഇന്ന് രാത്രി മുതൽ ദേവാലയങ്ങളിൽ ഉയിർപ്പ് പ്രാർത്ഥനകൾ നടക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ഇന്ന് വൈകിട്ട് ഏഴിനും പി.എം.ജി ലൂർദ് ഫൊറോന പള്ളിയിൽ ഞായറാഴ്ച പുലർച്ചെ നാലിനും വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ഞായറാഴ്ച രാവിലെ 7.30 നും ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിക്കും.