c

തിരുവനന്തപുരം: വാക്‌സിനെടുത്തവർക്കും കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ്. വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്കും അസുഖം വരുന്നെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് വിശദീകരണം. ആദ്യ ഡോസ് സ്വീകരിച്ചവർക്കും കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

വാക്‌സിൻ സ്വീകരിച്ചവർക്ക് കൊവിഡ് വരില്ലെന്ന് പറയാനാകില്ലെന്ന് സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ വ്യക്തമാക്കി. രോഗം വന്നാലും ഗുരുതരമായ അവസ്ഥയിലേക്ക് പോകില്ല. മരണസാദ്ധ്യത കുറയ്ക്കാനുമാകും. വാക്സിൻ എടുത്തവരിൽ വളരെ ചെറിയ ശതമാനം ആളുകൾക്കേ അസുഖം വരാൻ സാദ്ധ്യതയുള്ളൂ. അതേസമയം ഈ മാസം പകുതിയോടെ കൊവിഡിന്റെ രണ്ടാം തരംഗം സംസ്ഥാനത്ത് ശക്തമായേക്കുമെന്നും മുഹമ്മദ് അഷീൽ പറഞ്ഞു.

ആദ്യ വരവിനെക്കാൾ വേഗത്തിലാണ് രണ്ടാം തരംഗമുണ്ടാകുന്നത്. ഈ സാഹചര്യത്തിൽ പരമാവധി ആളുകൾ വാക്സിനെടുക്കണം. ജാഗ്രത തുടരുകയും വേണം. മാസ്ക് നിർബന്ധമായും ധരിക്കുകയാണ് പ്രതിവിധി. പരമാവധി ആളുകൾ ഈ മാസത്തിനകം വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.