മുന്നണികൾക്ക് നിഷേധാത്മക സമീപനം
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ അധികാരത്തിലേറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്രേഡിയത്തിൽ നടന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേന്ദ്രപദ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന് നിഷേധാത്മക സമീപനമാണെന്ന് പ്രധാനമന്ത്രി ഖേദത്തോടെ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ബുദ്ധിമാന്മാരും അദ്ധ്വാനശീലരുമാണ്. എന്നാൽ നാടിനെ മുന്നോട്ട് നയിക്കാനുള്ള നേതൃത്വം ഇല്ല. ഇടതുപക്ഷ സർക്കാർ ഭരണത്തിന് തന്നെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. വികസനത്തിനായി പുതിയ മാതൃക കണ്ടെത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. നഗര ജനസംഖ്യ വർദ്ധിക്കുകയാണ്. അതിനനുസരിച്ച് ഗതാഗത, താമസ സൗകര്യങ്ങൾ വേണം. കേന്ദ്രസർക്കാർ പി.എം.എ.വൈയിലൂടെ ഒരു കോടി 14 ലക്ഷം ഭവനങ്ങൾ നൽകി. എല്ലാവർക്കും കുടിവെള്ളം എത്തിക്കാൻ ജൽജീവൻ മിഷൻ തുടങ്ങി.
കേന്ദ്രസർക്കാർ ജനക്ഷേമത്തിനായി മുന്നോട്ടുവച്ച പദ്ധതികൾ സംസ്ഥാനം ഫലപ്രദമായി നടപ്പിലാക്കിയില്ലെന്ന് മോദി കുറ്റപെടുത്തി.ഒരു പണിയുമെടുക്കാൻ താല്പര്യമില്ലാത്തവരാണ് എൽ.ഡി.എഫും യു.ഡി.എഫും. എല്ലാം വച്ചുതാമസിപ്പിക്കുന്ന എൽ.ഡി.എഫ്, യു.ഡി.എഫ് നിലപാടിന് പകരം വികസനം വേഗം ലഭ്യമാക്കുന്ന സമീപനമാണ് എൻ.ഡി.എയുടേത്. സ്വാതന്ത്റ്യം കിട്ടി 75 വർഷമായി. എൽ.ഡി.എഫിനും യു.ഡി.എഫിനും ഇഷ്ടംപോലെ അവസരം നൽകി. ഇനിയുള്ള 25 വർഷം വളരെ നിർണായകമാണ്. നാം സ്വപ്നം കണ്ട കേരളം സൃഷ്ടിക്കാൻ എൻ.ഡി.എയെ അധികാരത്തിലേറ്രണം.