തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശപ്പോരിനായി കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ വരവേല്പ്. ക്രിക്കറ്റിനായി കേരളമൊരുക്കിയ സ്റ്റേഡിയത്തിൽ ആദ്യമായാണ് രാഷ്ട്രീയറാലി നടക്കുന്നത്.
ഒരു സൂപ്പർതാരത്തിന്റെ മട്ടിലും ഭാവത്തിലുമാണ് പ്രവർത്തകർ മോദിയെ വരവേറ്റത്. മൊബൈൽ ഫോണിന്റെ ഫ്ളാഷ് ലൈറ്റ് മിന്നിച്ചും പാർട്ടിക്കൊടി കൊണ്ട് മെക്സിക്കൻ വേവ് തീർത്തും കാവി സ്യൂട്ടിട്ട് ഗ്രൗണ്ട് പരേഡ് നടത്തിയും "മോഡി ഹാർട്ട് " ബാനറും " വി.സപ്പോർട്ട് മെട്രോമാൻ ആൻഡ് മോഡി" തുടങ്ങി ഇംഗ്ളീഷ് ബാനറുകളുമായി വളഞ്ഞാടിയുമെല്ലാം ആരാധകർ ആവേശം കാട്ടി.
പറഞ്ഞതിലും രണ്ടരമണിക്കൂർ വൈകിയാണ് മോദി നാഗർകോവിലിലെ പരിപാടി കഴിഞ്ഞെത്തിയത്. എന്നിട്ടും ക്ഷമയോടെ അണികൾ കാത്തിരുന്നു. അതുവരെ ബോറടിക്കാതിരിക്കാൻ കഴക്കൂട്ടത്തെ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന്റെ പൊളിറ്റിക്കൽ കമന്ററി. കളികാണാൻ എതിരാളി കടകംപള്ളി സുരേന്ദ്രനെ ഫേസ് ബുക്കിലൂടെ വിളിച്ചിട്ടുണ്ടെന്ന് ശോഭ പറഞ്ഞത് ജനം കൈയടിയോടെ ഏറ്റെടുത്തു. തുടർന്ന് തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറിന്റെ ഡ്രാമാറ്റിക്കൽ പ്രസംഗം, കേരളത്തിലെ കാട്ടാളഭരണത്തെ തൂത്തെറിയാൻ വോട്ടെടുപ്പ് മറക്കരുതെന്ന മുന്നറിയിപ്പും.
ചന്ദനനിറമുള്ള ഒാഫ് വൈറ്റ് കൈത്തറി കുർത്തയും പൈജാമയും പുളിയിലക്കരയൻ ഷാളും, വെളുത്ത മാസ്ക്കുമണിഞ്ഞാണ് മോദിയെത്തിയത്. അപ്പോൾ സമയം 7.20. വന്നയുടനെ സ്റ്റേജിന് നടുവിലെത്തി മാസ്ക് മാറ്റി കൂറ്റൻ വന്ദനവും പിന്നാലെ കൈകളുയർത്തി ആവേശാഭിവാദ്യവും. പിന്നെ സ്വീകരണമായിരുന്നു. നേമത്തെ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ സ്വർണക്കരയുള്ള കസവ് ഷാളണിയിച്ചു. പിന്നാലെ പി.കെ. കൃഷ്ണദാസ് സ്വർണക്കസവ് തന്നെ പുതപ്പിച്ചു. വി.വി. രാജേഷും ജില്ലാകമ്മിറ്റിയും ശ്രീപദ്മനാഭസ്വാമിയുടെ മ്യൂറൽ ചിത്രം സമ്മാനമായി നൽകി. മത്സ്യമേഖലയിലെ വികസന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ സ്ഥാനാർത്ഥി കൃഷ്ണകുമാർ നിവേദനം നൽകി. തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന വി.വി.രാജേഷിന്റെ അഭ്യർത്ഥനയും മോദിക്ക് കൈമാറി.
കുമ്മനത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷമായിരുന്നു മോദിയുടെ പ്രസംഗം. ഇടതു-വലതു മുന്നണികളെ എതിർപക്ഷത്ത് നിറുത്തിയായിരുന്നു മോദിയുടെ ബൗളിംഗ്. പദ്മനാഭനെയും ആറ്റുകാലമ്മയെയും വെള്ളയാണി ഭദ്രകാളിയെയും ആഴിമല ശിവനെയും വണങ്ങിയും ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും ചട്ടമ്പിസ്വാമിയെയും സ്മരിച്ചുമായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. ഗുരുവിന്റെ അറിവും പദ്മനാഭന്റെ സംസ്കാരവും മാർത്താണ്ഡവർമ്മയുടെ പരാക്രമവും നിറഞ്ഞതാണ് തിരുവനന്തപുരമെന്ന് പറഞ്ഞ മോദി, കഴക്കൂട്ടത്തെ സ്ഥാനാർത്ഥി കടകംപള്ളിയെ ശബരിമലപ്രശ്നത്തിന്റെ പേരിൽ ബൗൺസറെറിഞ്ഞാണ് പ്രസംഗം നിറുത്തിയത്. ക്ഷേത്രം സംരക്ഷിക്കേണ്ട മന്ത്രി ഭക്തരെ തല്ലിച്ചതച്ചത് ശരിയായില്ലെന്ന് കുറ്റപ്പെടുത്തി. പ്രസംഗത്തിന് ശേഷം കൃഷ്ണകുമാറിനെ തോളത്ത് തട്ടി അഭിനന്ദിച്ചും, നിയമസഭയിൽ ആദ്യമായി അക്കൗണ്ട് തുറന്ന ഒ. രാജഗോപാലിനെ ചേർത്തുപിടിച്ച് ആശ്ളേഷിച്ചുമാണ് വേദി വിട്ടിറങ്ങിയത്.
രാവിലെ മധുരയിലും ഉച്ചയ്ക്ക് കോന്നിയിലും വൈകിട്ട് നാഗർകോവിലിലും രാത്രി കഴക്കൂട്ടത്തും റാലികളിൽ പങ്കെടുത്ത് ഡൽഹിക്ക് മടങ്ങുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തെക്കേ ഇന്ത്യയിലെ സമാപനമാണിതെന്നും മോദി സൂചിപ്പിച്ചു.