തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയം ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലി. വൈകിട്ട് മൂന്ന് മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരും പാർട്ടി നേതാക്കളും കാര്യവട്ടത്തേക്ക് ഒഴുകി. നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടും ദുഃഖവെള്ളിയുടെ അവധിയായിട്ടും കാര്യവട്ടം തിരക്കിൽ വീർപ്പുമുട്ടി. ശക്തമായ സുരക്ഷാപരിശോധനയ്‌ക്ക് ശേഷമാണ് മാദ്ധ്യമപ്രവർത്തകരെ ഉൾപ്പെടെ അകത്തേക്ക് കടത്തിവിട്ടത്. സ്റ്റേഡിയത്തിലെ 10 ഗേറ്റുകളിലും ഉച്ചമുതൽ സുരക്ഷാ പരിശോധനയ്ക്കായി നീണ്ട ക്യൂ ആയിരുന്നു. രാത്രി എഴിന് മോദി എത്തിയതോടെ എങ്ങും മൊബൈൽ ഫ്ളാഷുകളും ആർപ്പുവിളികളുമായി. സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരത്തിന്റെ ആവേശമായിരുന്നു.
ചടങ്ങിൽ നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി. രാജേഷ് സ്വാഗതവും സെക്രട്ടറി വെങ്ങാനൂർ സതീഷ് നന്ദിയും പറഞ്ഞു. കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, വി. മുരളീധരൻ, ഒ. രാജഗോപാൽ എം.എൽ.എ, കർണാടക ഉപമുഖ്യമന്ത്രി ഡോ.സി.എൻ. അശ്വത്ഥ് നാരായണൻ, പാർട്ടി നേതാക്കളായ തമിഴ്നാട്ടിലെ സി.പി. രാധാകൃഷ്ണൻ, എം. ഗണേഷ്, എസ്. സുരേഷ്, ജോർജ്ജ്കുര്യൻ, വി.ടി. രമ, കെ. രാമൻപിള്ള എന്നിവരും സ്ഥാനാർത്ഥികളായ പി.കെ. കൃഷ്ണദാസ്, പി. സുധീർ, ആശാനാഥ്, അജി എസ്.ആർ.എം, ജെ.ആർ. പദ്മകുമാർ, തഴവ സഹദേവൻ, ശോഭാ സുരേന്ദ്രൻ, കൃഷ്‌ണകുമാർ. ജി, രാജശേഖരൻ നായർ, വിഷ്‌ണുപുരം ചന്ദ്രശേഖരൻ എന്നിവരും കൊട്ടാരക്കരയിലെ സ്ഥാനാർത്ഥി വൈക്കരക്കര സോമനും ചടങ്ങിനെത്തി. എൻ.ഡി.എ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.