വെഞ്ഞാറമൂട്: യു.ഡി.എഫ് സ്ഥാനാർത്ഥി ആനാട് ജയന്റെ പ്രചാരണ വാഹനത്തിൽ നിന്ന് വീണ് കോൺഗ്രസ് നേതാക്കൾക്ക് പരിക്ക്. വെഞ്ഞാറമൂട് മണ്ഡലം പ്രസിഡന്റ് സുധീർ, നെല്ലനാട് മണ്ഡലം പ്രസിഡന്റ് മഹേഷ് എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പരമേശ്വരം കൃഷ്‌ണപുരത്തായിരുന്നു അപകടം. സ്ഥാനാർത്ഥിക്കൊപ്പം പ്രചാരണ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. കൃഷ്‌ണപുരത്തെ സ്വീകരണം കഴിഞ്ഞ് ദേവീപുരത്തേക്ക് പോകുന്നതിനിടെ വളവ് തിരിയവേ വാഹനത്തിന്റെ വശത്ത് സ്ഥാപിച്ചിട്ടുള്ള കമ്പിവേലി ഒടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. തുടർന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. സുധീറിന്റെ കാലിനും മഹേഷിന്റെ തലയ്‌ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.